Site iconSite icon Janayugom Online

ഇലന്തൂരില്‍ നടന്നത് നരഭോജനം

elanthurelanthur

ഇലന്തൂരില്‍ നടന്നത് കേവലം നരബലിയല്ല നരഭോജനമാണെന്ന് പൊലീസിന്റെ കുറ്റപത്രം. തമിഴ്‌നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

1600 പേജുകളുള്ള കുറ്റപത്രത്തില്‍ മുഹമ്മദ് ഷാഫിയടക്കം മൂന്ന് പ്രതികളാണുളളത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി 89-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യമാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് കേസിൽ ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്. ശാസ്ത്രീയ‑ഡിജിറ്റല്‍ തെളിവുകളും സിസിടിവി ദൃശ്യങ്ങളും അടക്കം മൂന്ന് പ്രതികളുടേയും കുറ്റം തെളിയിക്കുന്നതിനായുള്ള മുഴുവൻ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് ഡിസിപി എസ് ശശിധരൻ പറഞ്ഞു.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായിട്ടായിരിക്കും കോടതിയിൽ കേസ് പരിഗണിക്കപ്പെടുക. കൊലപ്പെടുത്തിയ ശേഷം പ്രതികൾ മനുഷ്യ മാംസം കറിവച്ച് കഴിച്ചുവെന്നുള്ളതാണ് ഈ ഗണത്തിലേക്ക് കേസിനെ ഉയർത്തുന്നത്. 166 പേരാണ് ആകെ സാക്ഷികൾ. 3017 രേഖകൾ, 143 സാഹചര്യ തെളിവുകൾ എന്നിവയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നുപേരെക്കൂടി നരബലി നല്‍കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിലായാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. കാലടി സ്വദേശിനി റോസ്‌ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്തിട്ടുളള കേസിലെ കുറ്റപത്രം അടുത്ത ആഴ്ച പെരുമ്പാവൂർ കോടതിയിൽ സമർപ്പിക്കും.

Eng­lish Sum­ma­ry: Can­ni­bal­ism took place in elantur

You may also like this video

Exit mobile version