Site iconSite icon Janayugom Online

കായിക കിരീടമുറപ്പിച്ച് തലസ്ഥാനം; ഇന്ന് മാത്രം 25 പുതിയ റെക്കോഡുകള്‍

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മഴ മാറി നിന്നപകലില്‍ പെയ്തിറങ്ങിയത് റെക്കോഡുകളുടെ പെരുമഴ. ഇന്ന് മാത്രം 25 പുതിയ റെക്കോഡുകളാണ് പിറന്നത്. നീന്തല്‍ക്കുളത്തില്‍ 16 പുതിയ റെക്കോഡുകള്‍ പിറന്നപ്പോള്‍ ട്രാക്കില്‍ ഒമ്പത് താരങ്ങള്‍ പുതിയ വേഗങ്ങളിലേക്ക് കുതിച്ചു. സംസ്ഥാന സ്കൂള്‍ കായികമേള നാല് നാള്‍ പിന്നിടുമ്പോള്‍ തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിലാണ്. 165 സ്വര്‍ണവും 122 വെള്ളിയും 138 വെങ്കലവുമടക്കം 1472 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറുന്നത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 694 പോയിന്റാണുള്ളത്. 76 സ്വര്‍ണവും 38 വെള്ളിയും 78 വെങ്കലവുമാണ് തൃശൂരിലെ താരങ്ങള്‍ നേടിയത്. 47 സ്വര്‍ണവും 66 വെള്ളിയും 73 വെങ്കലവുമുള്‍പ്പെടെ 615 പോയിന്റുകള്‍ നേടിയ പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുണ്ട്. 

കണ്ണൂരിന് 603, കോഴിക്കോടിന് 558, മലപ്പുറത്തിന് 542, എറണാകുളം 534 എന്നിങ്ങനെയാണ് പട്ടികയിലെ മറ്റ് ജില്ലകളുടെ നില. അക്വാട്ടിക്സിലെയും ഗെയിംസിലെയും മികച്ച പ്രകടനമാണ് തിരുവനന്തപുരത്തെ ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ മുന്നിലെത്തിച്ചത്. ഗെയിംസില്‍ 402 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം 799 പോയിന്റുകള്‍ നേടി. കണ്ണൂര്‍ 572 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും തൃശൂര്‍ 530 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തുമാണ്. 

അക്വാട്ടിക്സ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 649 പോയിന്റുകളോടെ തിരുവനന്തപുരം കിരീടം നേടി. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 149 പോയിന്റുകള്‍ മാത്രമാണുള്ളത്. എറണാകുളം 133 പോയിന്റുകളും പാലക്കാട് 49 പോയിന്റുകളും നേടി. അത്‌ലറ്റിക്സില്‍ പാലക്കാടിന്റെ കുതിപ്പ് തുടരുകയാണ്. 16 സ്വര്‍ണവും 11 വെള്ളിയും ആറ് വെങ്കലവുമായി 134 പോയിന്റുകളാണ് ഇതുവരെ നേടിയത്. മലപ്പുറം 112ഉം കോഴിക്കോട് 73ഉം കണ്ണൂര്‍ 29ഉം പോയിന്റുകള്‍ നേടിയിട്ടുണ്ട്. 

Exit mobile version