കായിക മാമാങ്കത്തിന് തീരശീല വീഴാന്‍ ഇനി രണ്ടു നാള്‍ അവശേഷിക്കെ സ്വര്‍ണക്കപ്പിനരികെ തലസ്ഥാനം. 67-ാമത് സംസ്ഥാന കായികമേളയുടെ ആദ്യ ദിനം മുതല്‍ ആധിപത്യം തുടരുന്ന തിരുവനന്തപുരം ഇന്ന് പോയിന്റ് പട്ടികയില്‍ 1500 പിന്നിട്ടു. 175 സ്വര്‍ണവും 126 വെള്ളിയും 147 വെങ്കലവും ഉള്‍പ്പെടെ 1557 പോയിന്റുകളുമായാണ് തലസ്ഥാനത്തിന്റെ കുതിപ്പ്. 740 പോയിന്റുമായി തൃശൂരാണ് രണ്ടാം സ്ഥാനത്ത്. 79 സ്വര്‍ണവും, 42 വെള്ളിയും 84 വെങ്കലവും തൃശൂര്‍ ഇതുവരെ സ്വന്തമാക്കി. അത്‌ലറ്റിക്സിലെ മികച്ച പ്രകടനത്തിലൂടെ 53 സ്വര്‍ണവും 70 വെള്ളിയും 76 വെങ്കലവും ഉള്‍പ്പെടെ 669 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുണ്ട്. 652 പോയിന്റുമായി കണ്ണൂര്‍ നാലാം സ്ഥാനത്തും 622 പോയിന്റുമായി മലപ്പുറം അഞ്ചാം സ്ഥാനത്തുമാണ്.
ഗെയിംസിലും അക്വാട്ടിക്സിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് തിരുവനന്തപുരം പോയിന്റ് നിലയില്‍ കുതിപ്പ് തുടരുന്നത്. ശനിയാഴ്ച അവസാനിച്ച അക്വാട്ടിക്സ് മത്സരത്തില്‍ തിരുവനന്തപുരമാണ് ചാമ്പ്യന്‍സ‌് ട്രോഫി കരസ്ഥമാക്കിയത്. 73 സ്വര്‍ണവും 63 വെള്ളിയും 46 വെങ്കലവുമാണ് തലസ്ഥാനം മുങ്ങിയെടുത്തത്. അക്വാട്ടിക്സില്‍ ആകെ 649 പോയിന്റാണ് നേടിയത്. ഗെയിംസിലും തിരുവനന്തപുരം മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. 95 സ്വര്‍ണവും 58 വെള്ളിയും 98 വെങ്കലവും ഉള്‍പ്പെടെ 855 പോയിന്റുകള്‍ നേടിയാണ് ഗെയിംസില്‍ തലസ്ഥാനം ഒന്നാം സ്ഥാനത്ത് തുടരുന്നത്. അത്‌ലറ്റിക്സില്‍ പാലക്കാടന്‍ തേരോട്ടം തുടരുകയാണ്. 20 സ്വര്‍ണവും 13 വെള്ളിയും എട്ട് വെങ്കലവും ഉള്‍പ്പെടെ 162 പോയിന്റാണ് പാലക്കാട് ഇന്നലെ വരെ സ്വന്തമാക്കിയത്. 149 പോയിന്റുമായി മലപ്പുറം രണ്ടാമതും 75 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമുണ്ട്.
സംസ്ഥാന കായിക മേളയുടെ ചരിത്രത്തില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റും ഇന്നലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്നു. അത്‌ലറ്റ്ക്സില്‍ ഒരു മീറ്റ് റെക്കോഡും ഇന്നലെ പിറന്നു. ജൂനിയര്‍ ബോയ്‌സ് ഹര്‍ഡില്‍സില്‍ ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ ശ്രീഹരി കരിക്കാനാണ് റെക്കോഡ് തിരുത്തിയെഴുതിയത്. കായികമേളയിലെ ചാമ്പ്യന്മാർക്കുള്ള മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവൻ (940.24 ഗ്രാം) സ്വർണക്കപ്പിനെ വരവേൽക്കാന്‍ തലസ്ഥാന നഗരിയിൽ ഇന്ന് ഘോഷയാത്ര സംഘടിപ്പിക്കും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗവർണർ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ട്രോഫി സമ്മാനിക്കും.

