Site iconSite icon Janayugom Online

ക്യാപ്റ്റൻ ഗില്‍; തലമുറമാറ്റത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ്

തലമുറമാറ്റത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ്. രോഹിത് ശര്‍മ്മ വിരമിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനെ ഇന്ന് ബിസിസിഐ പ്രഖ്യാപിക്കും. അവസാന നിമിഷം ട്വിസ്റ്റുകളൊന്നും ഉണ്ടാകിയില്ലെങ്കില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ നായകനാകും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെയും ഇന്ന് തെരഞ്ഞെടുക്കും. വിരാട് കോലിയും രോഹിത് ശര്‍മ്മയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് നായകനായുള്ള ഗില്ലിന്റെ പ്രകടനം ബിസിസിഐയെ തൃപ്തിപ്പെടുത്തിയതായാണ് സൂചന. മുതിർന്ന താരവും ബൗളിങ്ങിലെ ഇന്ത്യയുടെ പ്രധാനയാളുമായ ബുംറ നായകനാകണമെന്നും കെ എൽ രാഹുൽ ക്യാപ്‌റ്റനാകണമെന്നും ചിലർ വാദിക്കുന്നുണ്ട്. എന്നാല്‍ ഭാവിയിലേക്ക് ലക്ഷ്യമിട്ട് ഗില്ലിനെ ക്യാപ്റ്റനാക്കാനാണ് ബിസിസിഐയുടെ താല്പര്യം. നേരത്തെ ഗില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറുമായും ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 

ബുംറയുടെ ഫിറ്റ്‌നസും സെലക്ഷൻ കമ്മിറ്റി കണക്കിലെടുത്തിട്ടുണ്ടെന്നാണ് സൂചന. ഓസ്‌ട്രേലിയക്കെതിരെ രോഹിതിന്റെ അഭാവത്തിൽ ടീമിനെ നയിക്കുകയും ചെയ്തെങ്കിലും സ്ഥിരമായ പരിക്കുകളുടെ പശ്ചാത്തലത്തില്‍ സ്ഥിരം നായകത്വത്തിന് പരിഗണിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയേക്കും. 33 വയസിനു മുകളിൽ പ്രായമുള്ള കെ എൽ രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നും സൂചനയുണ്ട്. റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കിയേക്കുമെന്നും വാര്‍ത്തകളുണ്ട്. 25 കാരനായ ശുഭ്മാൻ ഗിൽ ഒരു ടെസ്റ്റിലോ ഏകദിനത്തിലോ ഇന്ത്യയെ നയിച്ചിട്ടില്ലെങ്കിലും, 2024 ലെ സിംബാബ്‌വെ പര്യടനത്തിൽ അഞ്ച് ടി20 മത്സരങ്ങളിൽ ഇന്ത്യയുടെ ക്യാപ്റ്റനായി. കൂടാതെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെയും നയിച്ചിട്ടുണ്ട്. രോഹിത് ശർമ്മയുടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായും പ്രവര്‍ത്തിച്ചു. 32 ടെസ്റ്റുകളിൽ നിന്ന് അഞ്ച് സെഞ്ചുറികൾ ഉൾപ്പെടെ 35.05 ശരാശരിയിൽ 1893 റൺസ് നേടിയിട്ടുണ്ട്. പുതിയ ചില പേരുകൾ ഉള്‍പ്പെടുന്നതൊഴികെ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിൽ പര്യടനം നടത്തിയ സംഘത്തിലെ അംഗങ്ങള്‍ക്ക് തന്നെയായിരിക്കും ടീമില്‍ സാധ്യത. കോലിയും രോഹിതും വിരമിച്ചതോടെ അനുഭവ സമ്പത്തുള്ള കളിക്കാരുടെ കുറവ് ഇന്ത്യൻ ടീമിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. പകരം കഴിഞ്ഞ ആഭ്യന്തര സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച സായ് സുദർശനും കരുൺ നായരും ടീമിൽ ഇടം നേടിയേക്കും. 

ഒമ്പത് രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് നാല് സെഞ്ചുറികൾ ഉൾപ്പെടെ 863 റൺസും വിജയ് ഹസാരെ ട്രോഫിയിലെ എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് അഞ്ച് സെഞ്ചുറികൾ ഉൾപ്പെടെ 779 റൺസും കരുണ്‍ നേടിയിട്ടുണ്ട്. നിലവിൽ ഐപിഎല്ലില്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനാണ് 638 റൺസെടുത്ത 23കാരനായ സായി സുദര്‍ശന്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ശ്രേയസ് അയ്യര്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കില്ല. യശസ്വി ജയ്‌സ്വാൾ, ​ കെ എൽ രാഹുൽ, ​ റിഷഭ് പന്ത്, ​ രവീന്ദ്ര ജഡേജ, ​ നിതീഷ് റെഡ്‌ഡി, ​ കുൽദീപ് യാദവ്, ​ ജസ്‌പ്രീത് ബുംറ​, ​ സിറാജ്, ​ ഷമി, ​ പ്രസീദ്ധ് കൃഷ്‌ണ, ​ ധ്രുവ് ജുറേൽ, ​ വാഷിംഗ്‌ടൺ സുന്ദർ, ​ ആർഷ്‌ദീപ് സിങ്, ​ അഭിമന്യു ഈശ്വരൻ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടേക്കും.

Exit mobile version