നിലമ്പൂര്‍ ഉപതെരഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയച്ചതിനെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസിലെ പോര് മുറുകുന്നു. താന്‍ ക്യാപ്റ്റനെങ്കില്‍ രമേശ് ചെന്നിത്തല മേജറെന്നാണ് വി ഡി സതീശന്റെ പരിഹാസം.താന്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇരുന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ തന്നെയാരും ക്യാപ്റ്റനെന്നു വിളിച്ചിട്ടില്ലെന്നു രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് സതീശന്റെ പരിഹാസ മറുപടി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പരിഭവവുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനോടുള്ള അതൃപ്തി പ്രകടമാക്കിയാണ് ചെന്നിത്തല പ്രതികരിച്ചത്.താൻ പ്രതിപക്ഷനേതാവ് ആയിരുന്നപ്പോൾ നിരവധി ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും തന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഭവം. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി ഡി സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിനെതിരെ ചെന്നിത്തലയുടെ പ്രതികരണം. നിലമ്പൂർ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റിന്റെ ഭൂരിഭാഗവും ലീഗിന് ആണെന്നും ചെന്നിത്തല പറയുന്നുണ്ട്.അതേസമയം അൻവറിനു മുന്നിൽ വാതിൽ അടച്ചെന്നും വി ഡി സതീശൻ. അൻവർ ഉണ്ടെങ്കിൽ എന്ന് ഇനി ആരും പറയില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ ചെന്നിത്തലയ്ക്കും, സണ്ണി ജോസഫിനും അടക്കമുള്ള നേതാക്കള്‍ക്കും, മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലീംലീഗിനും പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന നിലപാടാണുള്ളത്.
മുമ്പ് സതീശന്‍ അനുകൂലികള്‍ അദ്ദേഹത്തെ ലീഡര്‍ എന്നു വിശേഷിപ്പിച്ചു . എന്നാല്‍ കോണ്‍ഗ്രസില്‍ ഒരു ലീഡറേ ഉള്ളുവെന്നും അത് കെ കരുണാകരനാണെന്നു ഗ്രൂപ്പ് വ്യത്യാസമില്ലാതെ പറഞ്ഞ് നേതാക്കളും, പ്രവര്‍ത്തകരും രംഗത്തു വന്നിരുന്നു. തെരഞ്ഞെടുപ്പ് ജയം സ്വന്തമാക്കാനാണ് സതീശൻ ആദ്യം മുതൽ നടത്തിയ ശ്രമങ്ങളെന്ന ആരോപണം കോൺഗ്രസിനുള്ളിൽ തന്നെ പുകയുന്നുണ്ട്. ഇതുകൊണ്ടാണ് ചെന്നിത്തല തെരഞ്ഞെടുപ്പ് ജയവും പരാജയവും ഒരു വ്യക്തിയുടേതല്ല എന്ന് വ്യക്തമാക്കിയത്.
കെപിസിസി പ്രസിഡന്റ് സണ്ണിജോസഫും ഇക്കാര്യം മറ്റൊരു രീതിയിലും പറഞ്ഞത്. സതീശനിസം എന്നൊന്നില്ല എന്ന് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടതും നിലമ്പൂരിലെ ക്രെഡിറ്റ് ഒരാൾ കൊണ്ടുപോകുന്നത് അനുവദിക്കാൻ പറ്റില്ലെന്ന നിലപാടിൽ നിന്നാണ്.തൃക്കാക്കര, പുതുപള്ളി, പാലക്കാട് സിറ്റിങ് സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പുകളിൽ കൈവരിച്ച വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാല്‍ നിലമ്പുിരിലുണ്ടായ വിജയം കോണ്‍ഗ്രസില്‍ വന്‍ തര്‍ക്കത്തിനാണ് വഴിതെളിഞ്ഞിരിക്കുന്നത്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണവും തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കലും ഒടുവില്‍ ഫല പ്രഖ്യാപനം കഴിയുമ്പോൾ കാണുന്നത് കോണ്‍ഗ്രസിലും യുഡിഎഫിലും സതീശനുണ്ടായിരുന്ന ഏകപക്ഷീയ മേല്‍ക്കെയില്‍ മാറ്റം വന്നു എന്നതാണ്.

