അമേരിക്കയിലെ കാലിഫോർണിയയിൽ വാഹനാപകടത്തിൽ തെലങ്കാന സ്വദേശികളായ രണ്ട് യുവതികൾ കൊല്ലപ്പെട്ടു. പുല്ലാഖണ്ഡം മേഘ്ന റാണി(24), കടിയാല ഭാവന(24) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയി മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലുള്ള ഗാർല മണ്ഡൽ സ്വദേശികളാണ് ഇരുവരും. ഉന്നതവിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനവും ജോലി അന്വേഷണവുമായി ഇവർ അമേരിക്കയിൽ ഒന്നിച്ചായിരുന്നു താമസം. മേഘ്നയുടെ പിതാവ് നാഗേശ്വര റാവു ഗാർലയിൽ മീ-സേവ കേന്ദ്രം നടത്തിവരികയാണ്. ഭാവനയുടെ പിതാവ് മുൽക്കനൂർ ഗ്രാമത്തിലെ ഡെപ്യൂട്ടി സർപഞ്ചാണ്. ഉറ്റ സുഹൃത്തുക്കളായ ഇരുവരുടെയും അപ്രതീക്ഷിത വിയോഗം നാടിനെയും കുടുംബത്തെയും വലിയ ദുഃഖത്തിലാഴ്ത്തി. അപകടത്തെക്കുറിച്ച് അമേരിക്കൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കുടുംബാംഗങ്ങൾ തുടങ്ങിക്കഴിഞ്ഞു.
അമേരിക്കയിൽ വാഹനാപകടം; തെലങ്കാന സ്വദേശികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

