ബെംഗളൂരുവിലെ ഹോസ്കോട്ടെ ദാബസ്പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ അടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ മഹീന്ദ്ര എക്സ് യുവി കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചത്. പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ആക്സിൽ പൊട്ടിയ, ലോറി സർവീസ് റോഡിലേക്ക് മറിയുകയും ചെയ്തു.
അപകടസമയത് ആ വഴി വന്ന മറ്റൊരു കാറും ലോറിയുടെ ആക്‌സിലിൽ തട്ടി അപകടത്തിൽപ്പെടുകയും ചെയ്തു. മഹീന്ദ്ര കാറിലുണ്ടായിരുന്ന ആറുപേരും, ബൈക്ക് യാത്രികനും അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്. യെലഹങ്കയിലെ ആർവിപിയു കോളജ് വിദ്യാർഥികളായ പതിനേഴുകാരായ അശ്വിൻ നായർ, ഏഥൻ ജോർജ് എന്നിവരാണ് മരിച്ച മലയാളികൾ.
പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. മരിച്ച ബൈക്ക് യാത്രികൻ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ്. ഇയാൾ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് എസ്ടിആർആറിൽ ഒരു മണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനുകൾ ഉപയോഗിച്ചാണ് തകർന്ന വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തത്.

