Site iconSite icon Janayugom Online

മിഷിഗണിലെ ജൂത ആരാധനാലയത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം; അക്രമി കൊല്ലപ്പെട്ടു (വീഡിയോ)

അമേരിക്കയിലെ മിഷിഗണിലുള്ള വെസ്റ്റ് ബ്ലൂംഫീൽഡ് ടൗൺഷിപ്പിലെ പ്രമുഖ ജൂത ആരാധനാലയമായ ടെമ്പിൾ ഇസ്രായേലിലേക്ക് അക്രമി കാർ ഇടിച്ചുകയറ്റി. സിനഗോഗിന്റെ പ്രധാന കവാടം തകർത്ത് അകത്തേക്ക് കടന്ന അക്രമി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ സംഘർഷത്തിൽ അക്രമി കൊല്ലപ്പെടുകയും ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തു. ലെബനനിൽ ജനിച്ച് 2016ൽ യുഎസ് പൗരനായി മാറിയ അയ്മൻ മുഹമ്മദ് ഗസാലിയാണ് പ്രതിയെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് തിരിച്ചറിഞ്ഞു.

 

 

സിനഗോഗിനുള്ളിലേക്ക് കാർ എത്തിയ ശേഷമാണ് തീപിടിച്ചതെന്ന് ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്ക് ബൗച്ചാർഡ് അറിയിച്ചു. വാഹനത്തിനുള്ളിൽ എന്തോ കത്തിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അക്രമിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല.

സംഭവസമയത്ത് സിനഗോഗിലെ പ്രീസ്‌കൂളിലുണ്ടായിരുന്ന കുട്ടികളും ജീവനക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ സുരക്ഷാ ജീവനക്കാരനെയും പുക ശ്വസിച്ച എട്ട് ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സിനെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിഷിഗണിലെ വലിയ ജൂത സമൂഹത്തിന് സേവനം നൽകുന്ന ഈ ആരാധനാലയത്തിന് നേരെയുണ്ടായ ആക്രമണം യുഎസിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Exit mobile version