Site iconSite icon Janayugom Online

കാര്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; പിന്നാലെ അപകടം, നാല് മരണം

മഹാരാഷ്ട്രയില്‍ അംബര്‍നാഥിലെ മേല്‍പാലത്തിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. ഠാണെ ജില്ലയിലെ അംബര്‍നാഥ് ഈസ്റ്റിനെയും വെസ്റ്റിനെയും ബന്ധിപ്പിക്കുന്ന അംബര്‍നാഥ് മേല്‍പ്പാലത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം നടന്നത്. 

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ശിവസേനയുടെ പ്രാദേശിക സ്ഥാനാര്‍ഥിയായ കിരണ്‍ ചൗബേ പര്യടനം നടത്തിയ കാറിന്റെ ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നാലോ അഞ്ചോ വാഹനങ്ങളില്‍ ഇടിച്ച് കേറുകയായിരുന്നു.

ഡ്രൈവറായ ലക്ഷ്മണ്‍ ഷിന്‍ഡേയുള്‍പ്പെടെ സുമിത് ചെലാനി, ശൈലേഷ് യാദവ് എന്നിവരാണ് സംഭവസ്ഥലത്തുവെച്ച് മരിച്ചത്. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന പ്രാദേശിക മുനിസിപ്പാലിറ്റി ജീവനക്കാരനായ ചന്ദ്രകാന്ത് അനര്‍കെയ്ക്കും മേല്‍പ്പാലത്തില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

നാല് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റമാര്‍ട്ടതിനായി അയച്ചുവെന്നും കൂട്ടിചേര്‍ത്തു.

Exit mobile version