Site iconSite icon Janayugom Online

കോളജ് ക്യാമ്പസിൽ ആഢംബര കാറിൽ അഭ്യാസ പ്രകടനം

നഗരത്തിലെ ഒരു പ്രമുഖ കോളജ് ക്യാമ്പസിൽ ആഢംബര കാർ അപകടകരമായ രീതിയിൽ വട്ടത്തിൽ കറക്കി അഭ്യാസം പ്രകടനം നടത്തിയ തൊടുപുഴ സ്വദേശിയായ വിദ്യാർത്ഥിയുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ സസ്പെന്റ് ചെയ്തു. കോളജ് അധികൃതർ നൽകിയ പരാതിയെ തുടർന്ന് സ്ഥലത്ത് എത്തി പരിശോധന നടത്തിയ ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ പി എ നസീറാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിന് ശേഷമായിരുന്നു എൻഫോഴ്സ്മെന്റ് അധികൃതരുടെ നടപടി. അപകടകരമായ രീതിയിലുള്ള അഭ്യാസ പ്രകടനം നിർത്തണം എന്നുള്ള കോളജ് അധികൃതരുടെ പലവട്ടമുള്ള നിർദ്ദേശങ്ങൾ വകവെക്കാതെയാണ് വിദ്യാർത്ഥി വാഹനത്തിൽ അഭ്യാസ പ്രകടനം തുടർന്നത്. ഓണക്കാലത്ത് ആഘോഷങ്ങളും മറ്റുമുള്ളതിനാൽ രക്ഷകർത്താക്കളും കോളജ് അധികൃതരും വിദ്യാർത്ഥികൾ വാഹനം ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങൾ നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ പി എ നസീർ അറിയിച്ചു.

സമാന രീതിയിലുള്ള അഭ്യാസപ്രകടനങ്ങൾ, നിയമലംഘനങ്ങൾ, അനധികൃത രൂപമാറ്റങ്ങൾ, നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കൽ, നമ്പർ പ്ലേറ്റ് വ്യക്തമായ രീതിയിൽ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ വളരെ ഗൗരവ പൂർണമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നിരീക്ഷിച്ചു വരികയാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരെ കർശനമായ നിയമ നടപടിക്ക് വിധേയമാക്കുമെന്നും ആർ റ്റി ഒ അറിയിച്ചു.

Eng­lish Sam­mury: lux­u­ry car rac­ing on the col­lege cam­pus, stu­den­t’s license was suspended

 

Exit mobile version