‘കാരവൻ പാര്‍ക്ക് പദ്ധതി’ ഇടുക്കി ജില്ലയുടെ കൂടുതല്‍ മേഖലകളില്‍ ഒരുങ്ങന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 2021ലാണ് കാരവൻ ടൂറിസം ആരംഭിച്ചത്. എന്നാല്‍ പദ്ധതി പ്രതീക്ഷിച്ച വിജയത്തില്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് കൂടുതല്‍ ഇളവുകളോടെ പുതിയ രീതിയില്‍ പദ്ധതി നടപ്പക്കാൻ ഏതാനും നാൾ മുമ്പ് സര്‍ക്കാര്‍ തലത്തിലുളള ഉന്നത സമിതിയില്‍ തീരുമാനമായി. വിനോദ സഞ്ചാരികള്‍ക്കും പകലും രാത്രിയും തങ്ങാനുളള ഇടം സജ്ജമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബെഡ് റും, അടുക്കള, ബാത്ത് റൂം, ഡോര്‍മിറ്ററി, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയാണ് പ്രധാനമായും ഇതില്‍ ഒരുക്കുന്നത്. ഹോം സ്റ്റേകള്‍, പാര്‍ക്കുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയോട് ചേര്‍ന്നും പദ്ധതിക്ക് അനുമതി ലഭിക്കും.
വിനോദ സഞ്ചാരികള്‍ക്കായി വീടുകളോട് ചേര്‍ന്നും തോട്ടങ്ങളിലും കാരവൻ പാര്‍ക്കുകള്‍ ഒരുക്കാം എന്ന രീതിയിലാണ് പദ്ധതി പുനരാവിഷ്ക്കരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് സബ്സിഡിയും ലഭിക്കും. ആവശ്യാനുസരണം കാരവൻ പ്രവര്‍ത്തിപ്പിക്കാൻ സൗകര്യ പ്രദമായ വീടുകള്‍, സ്ഥലങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഒരുക്കിയാല്‍ സ്വകാര്യ മേഖലക്കും പദ്ധതി നടപ്പിലാക്കാനുളള അനുമതി ലഭിക്കും. സംസ്ഥാനത്ത് ഇടുക്കി ജില്ലയില്‍ വാഗമണ്‍, എറണാകുളത്ത് ബോള്‍ഗാട്ടി പാലസ്, കാസര്‍ഗോഡ് ബേക്കല്‍, പാലക്കാട് മലമ്പുഴ എന്നിങ്ങനെയാണ് പദ്ധതികള്‍ വിഭാവനം ചെയ്തത്. ഇതില്‍ വാഗമണ്ണില്‍ മാത്രമാണ് പദ്ധതി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമായത്. മറ്റ് സ്ഥലങ്ങളിലെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഏതാനും ചില പദ്ധതി പൂര്‍ണ്ണമായും സര്‍ക്കാര്‍ പണം ഉപയോഗിച്ചും മറ്റ് സ്ഥലങ്ങളിലേത് സ്വകാര്യ മേഖലയും ചേര്‍ന്നുളള സംയുക്ത പദ്ധതിയുമാണ്.
ഇടുക്കി ജില്ലയില്‍ വാഗമണ്‍ കൂടാതെ, സഞ്ചാരികള്‍ കൂട്ടത്തോടെയെത്തുന്ന മറ്റ് വിനോദ സഞ്ചാര മേഖലകളിലും പദ്ധതി നടപ്പിലാക്കും. ഇത് സംബന്ധിച്ച് സഹകരണ ബാങ്കുകള്‍, സര്‍ക്കാര്‍ ഏജൻസികള്‍, സ്വകാര്യ സംരംഭകര്‍ ഉള്‍പ്പടെയുളളവര്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധി എന്നിങ്ങനെ ഏഴംഗ സമിതിയുടെ പരിശോധന പ്രകാരമാണ് പദ്ധതിക്ക് പ്രാദേശികമായി അനുമതി നല്‍കുന്നത്. മലയോര ജില്ലയായ ഇടുക്കിയുടെ തണുപ്പും പച്ചപ്പും നേരിട്ട് അനുഭവിക്കാൻ ഓരോ വര്‍ഷങ്ങളിലും വിനോദ സഞ്ചാരകള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ കാരവൻ പദ്ധതി കൂടുതല്‍ ജനകീയമാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ.