Site iconSite icon Janayugom Online

സംസ്ഥാനത്ത് 14 ഫാമിലൂടെയും കാർബൺ തുലിത കൃഷി നടപ്പാക്കും: മന്ത്രി പി പ്രസാദ്

സംസ്ഥാനത്ത് കാർബൺ തുലിത കൃഷി നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മാട്ടുപ്പെട്ടി കെഎൽഡി ബോർഡ് ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അന്തരീക്ഷത്തെ മലിനപ്പെടുത്താതെ ജനങ്ങളുടെ ആരോഗ്യത്തെ കണക്കിലെടുത്തുകൊണ്ടുള്ള കൃഷിരീതിയാണ് കാർബൺ തുലിത കൃഷി. സംസ്ഥാനത്തെ 14 ഫാമിലൂടെയും കാർബൺ തുലിത കൃഷി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാം ഇന്ത്യയിലെ ആദ്യത്തെ കാർബൺ തുലിത ഫാമാകും. ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാം ഇപ്പോൾ തന്നെ ജൈവകൃഷി അവലംബിക്കുന്ന ഇടമാണ്. തുടർന്ന് 13 ഫാമുകൾ വിപുലീകരിക്കും.

ഘട്ടംഘട്ടമായി സംസ്ഥാനത്തുടനീളം പദ്ധതി നടപ്പിലാക്കും. ഞങ്ങൾ കൃഷിയിലേക്കെന്ന പദ്ധതി നടപ്പിലാക്കുമ്പോൾ ഓരോ പഞ്ചായത്തുകളിലും കർഷകരുടെ ഗ്രൂപ്പ് നിലവിൽവരും. വാർഡുകളിൽ പതിനായിരം ഗ്രൂപ്പുകൾ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാകും.

എണ്ണായിരം ഗ്രൂപ്പുകൾ ഉല്പാദനത്തിലും രണ്ടായിരം ഗ്രൂപ്പുകൾ മൂല്യവർധിത ഉല്പന്നം വിപണനം നടത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും. ഇതോടെ കൃഷിക്കാർക്ക് അധിക വരുമാനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഓരോ മേഖലയിലും ഉത്തമകർഷകരുടെ കുടുംബങ്ങളെ നിശ്ചയിക്കും. അവരുടെ നാട്ടറിവുകൾ മനസിലാക്കി പരമ്പരാഗത കൃഷി വ്യാപിപ്പിക്കും. നല്ല പ്രോജക്ടുകൾ നടപ്പിലാക്കുന്ന വകുപ്പുകൾക്ക് ജില്ലാ-സംസ്ഥാന തലത്തിൽ അവാർഡുകൾ നൽകും.

കൃഷിവകുപ്പ് സ്ഥാപിതമായിട്ട് 38 വർഷം തികയുന്ന വേളയിൽ ഏറ്റവും മികച്ച കൃഷി മന്ത്രിയായിരുന്ന വി വി രാഘവന്റെ പേരിൽ സംസ്ഥാനത്തെ മികച്ച കൃഷി ഭവന് അവാർഡ് നൽകും. ഹോർട്ടിക്കോർപ്പ് കർഷകർക്ക് നൽകാനുള്ള കുടിശിക മാർച്ച് 31നകം നൽകുമെന്നും മന്ത്രി പറഞ്ഞു.

eng­lish sum­ma­ry; Car­bon bal­anced farm­ing to be imple­ment­ed in all 14 farms in the state: Min­is­ter P Prasad

you may also like this video;

Exit mobile version