Site iconSite icon Janayugom Online

ജനറൽ ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ; ദുർഗയുടെ ആരോഗ്യനില തൃപ്തികരം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ നേപ്പാളി സ്വദേശി ദുര്‍ഗയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. അടുത്ത എഴുപത്തി രണ്ട് മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. . ഇന്നലെയായിരുന്നു രാജ്യത്തു തന്നെ ആദ്യമായി ഒരു ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ ഹൃദയമാണ് ദുര്‍ഗയ്ക്ക് ദാനം ചെയ്തത്. അതേസമയം, അവയവദാനത്തിലൂടെ 7 പേർക്ക് പുതുജീവനേകിയ ഷിബുവിന്റെ സംസ്കാരം നടന്നു. 

ഏറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിദേശ പൗരയ്ക്ക് ഹൃദയം മാറ്റിവച്ചത്. രാജ്യത്തെ പൗരന്മാർക്ക് ഹൃദയം മാറ്റിവെച്ചതിന് ശേഷം മാത്രം വിദേശത്തുള്ളവരെ പരിഗണിച്ചാൽ മതിയെന്ന കേന്ദ്ര ചട്ടമായിരുന്നു ദുർഗയ്ക്ക് മുന്നിൽ ഇത്രകാലം ഇരുട്ടായി നിന്നത്. അതുമാറി, അനുയോജ്യമായ ഹൃദയവും കിട്ടിയതോടെ നാടും നമ്മുടെ ഭരണകൂടവും കൈകോർത്തു. എയർ ആംബുലൻസിൽ ഹൃദയമെത്തിക്കാൻ ഇത്തവണയും സംവിധാനങ്ങളെല്ലാം ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കര സ്വദേശി 47 കാരൻ ഷിബുവിന്റെ അവയവങ്ങൾ ഏഴു പേർക്കാണ് പുതുജീവനേകുക. ഹൃദയത്തിനൊപ്പം ഷിബുവിന്റെ കോർണിയയും വൃക്കകളും ത്വക്കും ദാനം ചെയ്തു. 

Exit mobile version