Site iconSite icon Janayugom Online

പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണം; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുണ്ട്.

കോവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ, ചെള്ളുപനി, എച്ച്1 എന്‍1, ചിക്കന്‍ പോക്‌സ്, സിക, കുരങ്ങുപനി, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം. ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാല്‍ പനിയുള്ളപ്പോള്‍ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

മഴക്കാലമായതിനാല്‍ സാധാരണ വൈറല്‍ പനിയാണ് (സീസണല്‍ ഇന്‍ഫ്‌ളുവന്‍സ) കൂടുതലായും കണ്ട് വരുന്നത്. അതിനാല്‍ മിക്കപ്പോഴും വിദഗ്ധ പരിശോധനയോ പ്രത്യേക ചികിത്സയോ ആവശ്യമായി വരാറില്ല. സാധാരണ വൈറല്‍ പനി സുഖമാവാന്‍ 3 മുതല്‍ 5 ദിവസം വരെ വേണ്ടി വരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോള്‍ പോലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുന്നതാണ് ഉചിതം. പനിയുള്ളപ്പോള്‍ ഇന്‍ജക്ഷനും ട്രിപ്പിനും ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാതിരിക്കുക. കാരണം പാരസെറ്റമോള്‍ ഗുളികകളെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കുത്തിവയ്പ്പുകള്‍ പ്രവര്‍ത്തിക്കില്ല.

Eng­lish Summary:Care must be tak­en against pan­dem­ic flu; Min­is­ter Veena George
You may also like this video

Exit mobile version