വിദ്യാർത്ഥികൾക്കായി ഷാർജ ഇന്ത്യൻ സ്‌കുൾ ജുവൈസയിൽ മുൻ സൈനിക ഉദ്യോഗസ്ഥൻ ലഫ്.കേണൽ കൃഷ്ണകുമാർ നടത്തിയ ഗൈഡൻസ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ഇന്ത്യൻ സേനയിലെ കര‑വായു-നാവിക സേനാവിഭാഗങ്ങളിലെ തൊഴിലവസരങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും വിശദമായി വരച്ചുകാട്ടിയ ക്ലാസ് പ്ലസ് വൺ‑പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്ക് പുത്തൻ അറിവു നൽകുന്നതായിരുന്നു. രാജ്യസ്‌നേഹവും കൂറും വിദ്യാർത്ഥികളിൽ ഊട്ടി ഉറപ്പിക്കുന്നതോടൊപ്പം സേനയിലെ തൊഴിലിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളെയും അംഗീകാരങ്ങളെയും കുറിച്ച് അവബോധം നൽകുന്നതായിരുന്നു മലയാളി കൂടിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ കൃഷ്ണകുമാറിന്റെ ബോധവത്കരണ ക്ലാസ്.വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
ചടങ്ങിൽ സ്‌കൂൾ കലണ്ടർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് പ്രിൻസിപ്പൽ മുഹമ്മദ് അമീനു നൽകി പ്രകാശനം ചെയ്തു.നിഖിൽ ഉമ്മൻ(ഹൈസ്കൂൾ വിഭാഗം)അക്ഷയ് ദീപക് (പ്രൈമറി വിഭാഗം) എന്നിവർ രൂപ കല്പന ചെയ്ത കവർ ചിത്രങ്ങളാണ് കലണ്ടറുകൾക്കായി തെരഞ്ഞെടുത്തത്.സി.ഇ.ഓ കെ.ആർ.രാധാകൃഷ്ണൻ നായർ,ഗുബൈബ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ,മാനേജിംഗ് കമ്മിറ്റി അംഗം ഹരിലാൽ,വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ,ഹെഡ്മിസ്ട്രസ് ശൈലജ രവി,ഇ.ടി.പ്രകാശ്, അനിൽ വാര്യർ എന്നിവർ സംബന്ധിച്ചു.കഴിഞ്ഞ ദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഗേൾസ് വിഭാഗത്തിനും സമാനമായ ക്ലാസ് സംഘടിപ്പിച്ചിരുന്നു.
You may also like this video