Site icon Janayugom Online

ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവ്: കാഴ്ച നഷ്ടമായ കുഞ്ഞിന് 70 ലക്ഷം രൂപ നഷ്ടപരിഹാരം

court

അമ്മയ്ക്ക് കൃത്യമായ വൈദ്യോപദേശം നല്‍കാത്തതിനെത്തുടര്‍ന്ന് റെറ്റിനോപ്പതി ഓഫ് പ്രി മെച്യുരിറ്റി (ആര്‍ഒപി) ബാധിച്ച കുട്ടിക്ക് 70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
ഗുജറാത്തിലെ നവ്സാരിയിലെ സര്‍ക്കാര്‍ ആശുപത്രിയും ഡോക്ടര്‍മാരും അമ്മയ്ക്കും കുഞ്ഞിനും തുക നല്‍കണം എന്നാണ് കോടതി ഉത്തരവ്. സുനിത ചൗധരി എന്ന യുവതി 2014‑ലാണ് മാസം തികയാതെ കുഞ്ഞിന് ജന്മം നല്‍കിയത്. 28-ാമത്തെ ആഴ്ചയില്‍ ജനിച്ച കുട്ടിയ്ക്ക് 1,200 ഗ്രാം ഭാരമാണ് ഉണ്ടായത്. 42 ദിവസം ഐസിയുവില്‍ ആയിരുന്നു.
കുഞ്ഞിന്റെ കണ്ണുകള്‍ നനയുന്ന പ്രശ്‌നമുണ്ടായിരുന്നത് ഡോക്ടര്‍മാരെ കാണിച്ചപ്പോള്‍ തുള്ളിമരുന്ന് ഒഴിച്ചാല്‍ മാറും എന്നായിരുന്നു മറുപടി. എന്നാല്‍ കണ്ണിന്റെ പ്രശ്നം കൂടുതല്‍ ​ഗുരുതരമായി. മുംബൈയിലെയും ചെന്നൈയിലെയും നേത്രരോഗ വിദഗ്ധരെ കാണിച്ചപ്പോഴാണ് കുഞ്ഞിന് റെറ്റിന ഡിറ്റാച്ച്‌മെന്റ് മൂലം കാഴ്ച നഷ്ടപ്പെട്ടതായി അറിയുന്നത്.
ആവശ്യമായ ടെസ്റ്റ് നടത്തിയിരുന്നെങ്കില്‍ കാഴ്ച പോകുന്ന അവസ്ഥയിലേക്ക് എത്തില്ലായിരുന്നുവെന്നും ആദ്യം തന്നെ ചികിത്സിച്ചിരുന്നെങ്കില്‍ സുഖപ്പെടുത്താന്‍ കഴിയുമായിരുന്നെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തി. 18 മാസം പ്രായമുള്ളപ്പോള്‍ കുട്ടിയുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ഡ്യൂട്ടി ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനും കുഞ്ഞ് ജനിച്ചപ്പോള്‍ ആര്‍ഒപി സ്‌ക്രീനിങ്ങിനെക്കുറിച്ച്‌ അറിയിക്കാത്തതിനും 95 ലക്ഷം രൂപ ആവശ്യപ്പെട്ട് സുനിത ആശുപത്രി, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, നേത്രരോഗവിദഗ്ധര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കി. ഈ കേസിലാണ് കോടതി 70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന സമയത്ത് സ്‌ക്രീനിങ് ശരിയായ സമയത്ത് നടന്നില്ലെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജെ ജി മെക്വാന്‍ വ്യക്തമാക്കി. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞിന്റെ ഭാരം 1,500 ഗ്രാമില്‍ കുറവാണെങ്കില്‍ ആര്‍ഒപി സ്‌ക്രീനിങ് നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറുടെ കടമ ആണെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരത്തുക കുട്ടിയുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി ചെലവഴിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Care­less­ness of doc­tors: Rs 70 lakh com­pen­sa­tion for child who lost his sight

You may also like this video 

Exit mobile version