Site icon Janayugom Online

സ്വർണക്കടത്തുകാര്‍ക്ക് പുതിയ മാര്‍ഗം കാര്‍ഗോ

വിമാനത്താവളങ്ങളിലൂടെ സ്വർണം കടത്തുന്നതിന് പതിവ് സമ്പ്രദായങ്ങൾ വിട്ട് പുതുവഴി തേടി കടത്ത് സംഘങ്ങൾ. ഇടനിലക്കാരായ വിമാനയാത്രക്കാരെയാണ് സ്വർണം കടത്തുന്നതിന് നിയോഗിച്ചിരുന്നതെങ്കിൽ, കാർഗോ വഴി സ്വർണമെത്തിക്കുന്നതാണ് പുതിയ പരീക്ഷണം. പിടിക്കപ്പെട്ടാൽത്തന്നെ, കൊണ്ടുവരുന്നയാൾ പിടിയിലാകുന്നില്ല എന്നതാണ് പുതിയ മുറ പയറ്റാൻ സ്വർണക്കടത്ത് സംഘങ്ങളെ പ്രേരിപ്പിച്ചിക്കുന്ന മുഖ്യ ഘടകം. അതുവഴി, അധികൃതരുടെ ചോദ്യം ചെയ്യലുകളിൽ നിന്ന് ഒഴിവാകുകയും ചെയ്യും.
അടുത്തടുത്ത രണ്ട് ദിവസങ്ങളിലാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കാർഗോ മുഖേന സ്വർണമെത്തിയത്. രണ്ട് പ്രാവശ്യവും പിടിയിലായെങ്കിലും, അതുകൊണ്ട് റാക്കറ്റ് തോറ്റ് പിൻമാറുമെന്ന് ഉറപ്പിക്കാൻ അധികൃതരും തയ്യാറല്ല. ഇടനിലക്കാർ കൊണ്ടുവരുന്ന സ്വർണത്തിന്റെ കാര്യത്തിലെന്നപോലെ, പിടിയിലാകുന്നതിന്റെ പല മടങ്ങ് പിടിക്കപ്പെടാതെ പോകുന്ന യാഥാർത്ഥ്യം ഇവിടെയും ആവർത്തിച്ചേക്കാം.
ആദ്യ ദിവസം ദുബായിയിൽ നിന്ന് സലാവുദ്ദീൻ എന്നയാളാണ് സോപ്പ് സെറ്റ്, മിൽക്ക് പൗഡർ, പ്ലാസ്റ്റിക്കളിപ്പാട്ടം എന്നിവയടക്കം 16 കിലോഗ്രാം ചരക്ക് ഒരു ഏജൻസി വഴി നെടുമ്പാശേരിയിലേക്കയച്ചത്. കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്തിന്റെ പേരിലായിരുന്നു പായ്ക്കറ്റ്. സംശയം തോന്നിയുള്ള പരിശോധനയിൽ കള്ളി വെളിച്ചത്തായി. മറ്റ് വസ്തുക്കളോടൊപ്പമുണ്ടായിരുന്ന ഈന്തപ്പഴത്തിൽ, അകത്തെ കുരു കളഞ്ഞ് കുരുവിന്റെ വലിപ്പത്തിലും രൂപത്തിലുമുള്ള സ്വർണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. 60 ഗ്രാം സ്വർണമാണ് പിടിയിലായത്.
കാർഗോ വഴി സ്വർണമയച്ചാൽ പിടിക്കപ്പെടുമോ എന്ന് പരീക്ഷിക്കാനാവും ആദ്യം ചെറിയ അളവിൽ അവ അയച്ചതെന്നാണ് അനുമാനം. അടുത്ത ദിവസം പിടിച്ചത് കാർഗോ വഴി വന്ന 206 ഗ്രാം സ്വർണമാണ്. യുഎഇ ‑യിൽ നിന്നയച്ച ബിസ്ക്കറ്റിന്റെയും ബദാമിന്റെയും പായ്ക്കറ്റിലായിരുന്നു, അലുമിനിയം ഫോയിൽ റോളിൽ പൊതിഞ്ഞ പൊടിരൂപത്തിലുള്ള സ്വർണം. എക്സ്റേ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
പതിവ് രീതികളിലുള്ള സ്വർണത്തിന്റെ വരവും പിടിത്തവും സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഏതാണ്ട് സാധാരണ സംഭവമായി മാറിയിട്ടുണ്ട്. വസ്തു വൻതുകയ്ക്കുള്ളതാണെങ്കിൽ മാത്രമേ വാർത്ത പോലുമാകുന്നുള്ളു. സാങ്കേതിക വിദ്യ ഇത്രയേറെ വളർന്നിട്ടും വിമാനത്താവളങ്ങളിലൂടെ അനധികൃത സ്വർണമൊഴുകുന്ന അവസ്ഥ അമ്പരപ്പിക്കുന്നതാണ്. ഗ്രൗണ്ട് ഹാൻഡിലിങ് വിഭാഗം ജീവനക്കാർ മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വരെയുണ്ട് പ്രതിസ്ഥാനത്ത്. കരിപ്പൂരിൽ സ്വർണക്കടത്തിന് ഒത്താശ ചെയ്തതിന് ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതും, തിരുവനന്തപുരത്ത് പല തവണകളിലായി 80 കിലോഗ്രാം സ്വർണം കടത്തിയതിന് കൂട്ടുനിന്ന രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡിആർഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതും അടുത്ത ദിവസങ്ങളിലാണ്.

eng­lish sum­ma­ry; Car­go is a new way for gold smugglers

you may also like this video;

Exit mobile version