Site iconSite icon Janayugom Online

ചരക്കുകപ്പല്‍ തീപിടിത്തം; കോഴിക്കോട് — കൊച്ചി തീരങ്ങളിൽ ജാഗ്രത വേണമെന്ന് ഇൻകോയിസ്

ബേപ്പൂർ പുറംകടലിൽ തീപിടിത്തമുണ്ടായ കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകൾ അടക്കമുള്ളവ വടക്കന്‍ കേരളതീരത്ത് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കോഴിക്കോട് — കൊച്ചി തീരങ്ങളിൽ ജാഗ്രത വേണമെന്നും കണ്ടെയ്നറുകൾ മൂന്നു ദിവസം കടലിലൂടെ ഒഴുകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരത്ത് എത്താൻ കൂടുതൽ സമയമെടുക്കുമെന്നും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ്) മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്ന് ഇന്ധന ചോർച്ചയുണ്ടായതായും സൂചനകളുണ്ട്. ഇത് എത്ര അളവിൽ ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമായിട്ടില്ല. കപ്പലിന്റെ ഇന്ധനടാങ്കില്‍ നൂറ് ടണ്ണോളം എണ്ണയുണ്ട്. മാരിടൈം ഓർഗനൈസേഷനിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ക്ലാസ് 6(1)ൽ വരുന്ന കീടനാശിനികൾ ഉൾപ്പെടുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. എന്നാൽ ഏതൊക്കെ കണ്ടെയ്നറുകളാണ് കടലില്‍ വീണതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇതിന് പുറമെ 17 ടൺ പെയിന്റും കണ്ടെയ്നറുകളിലുണ്ട്. അപകടകരമായ 157 ഇനം വസ്തുക്കൾ കപ്പലിലെ കണ്ടെയ്നറുകളിലുണ്ട്. 

മാരക വിഷാംശമടങ്ങിയ കീടനാശിനിയായ ബൈപറിഡിലിയം-1,83,200 ലിറ്റർ, ബെൻസോഫിനോൻ‑15 ടൺ, നൈട്രോ സെല്ലുലോസ്-11 ടൺ, തീപിടിക്കാവുന്ന റെസിൻ‑17 ടൺ തുടങ്ങിയവയും കണ്ടെയ്നറുകളിലുണ്ട്. സിങ്ക് ഓക്സൈഡ് ‑20,340, ട്രൈ ക്ലോറോ ബൻസീൻ ‑2,08,000 കിലോ, മീഥൈൽ ഫിനോൽ ‑28,826 കിലോ തുടങ്ങിയവയും കണ്ടെയ്നറുകളിലുണ്ട്. ഇവയിൽ പലതും മനുഷ്യശരീരത്തിലെത്തിയാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. കപ്പലില്‍ നിന്നുവീണ കണ്ടെയ്നറുകൾ കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്നുള്ള എണ്ണ കടലിൽ കലർന്ന് തീരമേഖലയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് എന്ന സ്ഥാപനമാണ് മുന്നറിയിപ്പ് നൽകിയത് അറബിക്കടലിൽ ബേപ്പൂർ തീരത്ത് നിന്ന് മാറി തീപിടിച്ച കപ്പലിൽ നിന്നും കടലിലോ, കടൽ തീരത്തോ എണ്ണ ചോർച്ചയും തുടർന്നുള്ള മലിനീകരണ സാധ്യതയും കണക്കിലെടുത്ത് കോഴിക്കോട് ജില്ലാതല പൊല്യൂഷൻ റെസ്പോൺസ് ടീം ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കണമെന്നും അടിയന്തര സാഹചര്യം പരിഗണിച്ച് ആവശ്യമെങ്കിൽ തീരദേശ ശുചീകരണത്തിനും മറ്റും ആവശ്യമായ ഏകോപനം ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകി. 

Exit mobile version