Site iconSite icon Janayugom Online

പ്രതാപമറ്റ് കരീബിയന്‍സ് മടങ്ങി

ക്രിക്കറ്റ് അടക്കിഭരിച്ചിരുന്ന മുന്‍ ലോക ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. 1975ലും 1979ലും തുടര്‍ച്ചയായി രണ്ട് തവണ ലോകകപ്പ് ഉയര്‍ത്തിയ വിന്‍ഡീസ് ഇന്ന് ഏകദിന ലോകകപ്പിലേക്ക് യോഗ്യത പോലും നേടാനാകാതെ പുറത്തായിരിക്കുകയാണ്. വിന്‍ഡീസ് ഇല്ലാത്ത ഒരു ലോകകപ്പ് ചരിത്രത്തില്‍ തന്നെയിതാദ്യമായാണ് നടക്കാന്‍ പോകുന്നത്. യോഗ്യതാ പോരാട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ സ്കോട്ലന്‍ഡിനോട് അട്ടിമറി തോല്‍വി നേരിട്ടാണ് വിന്‍ഡീസ് പുറത്താകുന്നത്. വിവ് റിച്ചാര്‍ഡ്സ് എന്ന ക്രിക്കറ്റ് രാജാവിന്റെ ടീമിന് ഇന്ന് എന്താണ് സംഭവച്ചിരിക്കുന്നത്?..ഒരു കാലത്ത് എതിര്‍ ടീം ഭയത്തോടെ നോക്കികണ്ട വിന്‍ഡീസ് ടീം കുഞ്ഞന്‍ ടീമുകളോട് പോലും തോറ്റ് പുറത്താകുന്നത് ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാ ആരാധകരിലും നിരാശയുണ്ടാക്കുന്ന സംഭവമാണ്. 

നെതര്‍ലന്‍ഡ്‌സിനോടു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ അവര്‍ വളരെ പാടുപെട്ടാണ് സൂപ്പര്‍ സിക്‌സില്‍ എ­ത്തിയത്. സൂപ്പര്‍ സിക്‌സിലെ എല്ലാ മത്സരങ്ങളും അവര്‍ക്ക് ജയിക്കേണ്ടതായി വന്നു. എന്നാല്‍ ആദ്യ പോരില്‍ തന്നെ അവര്‍ ആയുധം വച്ച് കീഴടങ്ങി. ലോക ക്രിക്കറ്റിലെ ഏതൊരു ആഭ്യന്തര ടി20 ലീഗ് നോക്കിയാലും അതിലെ പൊന്നുംവിലയുള്ള താരങ്ങളെല്ലാം വെ­സ്റ്റിൻഡീസുകാരാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഗ്രൗണ്ടിലെ ‘കലാപരിപാടികളിലും’ ഒരുപോലെ തിളങ്ങുന്നവരാണ് വിൻഡീസ് താരങ്ങൾ. എ­ന്നാൽ ഇതിൽ ഭൂരിഭാഗംപേരും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിഞ്ഞുനോക്കാറില്ല. ടി20 ലീഗുകൾ ഓടിനടന്നു കളിക്കുന്നതിനിടെ ദേശീയ ടീമിലേക്കുള്ള സെലക്‌ഷനു പോലും പലരും എത്താറില്ല. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാള്‍ ഐപിഎല്‍ പോലുള്ള മറ്റു ലീഗുകളില്‍ നിന്നും പണം ലഭിക്കുന്നതുകൊണ്ടാണ് ഭുരിഭാഗം താരങ്ങളെയും ടീമിന് വേണ്ടി ലഭ്യമല്ലാതെ വരുന്നത്. 

കാള്‍ ഹൂപ്പര്‍, ബ്രയാൻ ലാറ, കേര്‍ട്ലി ആംബ്രോസ്, കോര്‍ട്നി വാല്‍ഷ്, വേവല്‍ ഹൈൻഡ്സ്, ശിവ്നരൈൻ ചന്ദ്രപോള്‍, രാംനരേഷ് സര്‍വാൻ, ഡാരൻ പവല്‍ തുടങ്ങി ക്രിസ് ഗെയ്ല്‍, മാര്‍ലോണ്‍ സാമുവല്‍സ്, ഡ്വെയ്ൻ സ്മിത്ത്, ഡ്വെയ്ൻ ബ്രാവോ, കിറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, നിക്കോളാസ് പുരൻ തുടങ്ങിയവരിലേക്കും വിൻഡീസ് ക്രിക്കറ്റ് വളര്‍ന്നെങ്കിലും ആര്‍ക്കും ഒരൊറ്റ സംഘമായി ഒരു കൊടിക്ക് കീഴില്‍ ഉത്തരവാദിത്തത്തോടെ കളിക്കാൻ സാധിച്ചിരുന്നില്ല. ഒന്നിച്ച്‌ കളിച്ച്‌ ജയിക്കണമെന്ന വാശിപോലും ടീമിനില്ലാതെയായി. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പിടിപ്പുകേട് തന്നെയാണ് ഇതിനൊരു പ്രധാന കാരണമായത്. പ്രതിഫല തര്‍ക്കവും കളിക്കാരുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം ഈ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടി. 

1983ല്‍ കപിലിന്റെ ചെകുത്താന്‍മാരോട് കിരീടം കൈവിട്ടെങ്കിലും തുടര്‍ച്ചയായ മൂന്ന് ലോകകപ്പ് ഫൈനലുകള്‍ നാഴികക്കല്ലായി. ഇതിന് ശേഷം 1987ല്‍ ഓസ്ട്രേലിയയും 1992ല്‍ പാകിസ്ഥാനും കിരീടമുയര്‍ത്തിയതോടെ പതിയെ പ്രഹരശേഷി കുറഞ്ഞെങ്കിലും ബ്രയാന്‍ ലാറ അടക്കമുള്ള ഇതിഹാസങ്ങള്‍ വിന്‍ഡീസ് ക്രിക്കറ്റിനെ പിന്നീടും നയിച്ചു. ടി20 ലോകകപ്പ് എത്തിയതോടെ പതിയെ അവര്‍ മുന്‍നിര ടീമായി വീണ്ടും വളര്‍ന്നു. 2012ലും 2016ലും ഡാരന്‍ സമി എന്ന നായകന്‍ വിന്‍ഡീസിന് ടി20 ലോകകപ്പുകള്‍ സമ്മാനിച്ചു. ഇതോടെ വിന്‍ഡീസ് ലോക ക്രിക്കറ്റിലെ പ്രതാപകാരികളായി മടങ്ങിവരുമെന്ന് പലരും കരുതിയെങ്കിലും ടി20 ഒഴികെയുള്ള മറ്റ് ഫോര്‍മാറ്റുകളില്‍ കരീബിയന്‍ ടീമിന്റെ ശക്തി ചോര്‍ന്നു. പ്ര­താപകാലത്തെ പോലെ തന്നെയൊരു വിന്‍ഡീസ് ടീം ഇനി ഉദയം ചെയ്യുമോയെന്നത് ക്രിക്കറ്റ് പ്രേ­­മികളെപ്പോലും ആശങ്കയിലാഴ്ത്തുന്നു. 

Eng­lish Sum­ma­ry: Caribbean is back
You may also like this video

Exit mobile version