Site iconSite icon Janayugom Online

ബ്രിജ്ഭൂഷണെതിരായ കേസ്; ഡല്‍ഹി പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടി 

brij bhooshanbrij bhooshan
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷന്‍ സരണ്‍ സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ഉയര്‍ത്തിയ ലൈംഗീകാതിക്രമം സംബന്ധിച്ച കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ ഡല്‍ഹി പൊലീസിന് റോസ് അവന്യൂ കോടതി നിര്‍ദ്ദേശം. ഗുസ്തി താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജിത് സിങ്ങ് ജസ്പാലാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്.
ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന റോസ് അവന്യൂ പ്രത്യേക കോടതിയാണ് കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് പൊലീസിന് നോട്ടീസയക്കാനും കോടതി ഉത്തരവായി. കേസില്‍ പൊലീസ് എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കേസ് വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്നും ഇരകളുടെ മൊഴി സിആര്‍പിസി 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്താനും താരങ്ങളുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭൂഷനെതിരെ പരാതി നല്‍കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കാത്ത ഡല്‍ഹി പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ശേഷവും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് കേസില്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് താരങ്ങള്‍ വീണ്ടും കോടതിയിലെത്തിയത്.

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ മേയ് 21നുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും ഖാപ് പഞ്ചായത്ത് പ്രതിനിധികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry; Case against Bri­jb­hushan; The court sought a report from the Del­hi Police
You may also like this video

Exit mobile version