കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ വിദ്വേഷ പ്രസ്താവനയില്‍ പൊലീസ് കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയില്‍ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. കേരളത്തിലെ മതസൗഹാർദം തകർത്ത് ലഹളയുണ്ടാക്കണം എന്ന ഉദ്ദേശ്യത്തോടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടു എന്നാണ് എഫ്ഐആറിലെ പരാമർശം.
ഐപിസി 153,153 എ എന്നിവയ്ക്ക് പുറമെ കെപി ആക്ട് 2011ലെ 120 (ഒ) വകുപ്പും ചുമത്തിയിട്ടുണ്ട്. ഇതില്‍ 153 എ വകുപ്പ് ജാമ്യം ലഭിക്കാത്തതാണ്. രാജീവ് ചന്ദ്രശേഖർ എന്ന ഫേസ്ബുക്ക് പേജിലൂടെ പലസ്തീൻ ടെററിസ്റ്റ് ഗ്രൂപ്പ് ഹമാസ് എന്നും മറ്റുമുള്ള പ്രകോപന അഭിപ്രായ പ്രകടനങ്ങൾ നടത്തി, ഇക്കാര്യം വീഡിയോയും ടെക്സ്റ്റും ആയി പ്രചരിപ്പിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. ഒരു മത വിഭാഗത്തിനെതിരെ സ്പർധയുണ്ടാക്കി.
സൗഹാർദ അന്തരീക്ഷം തകർത്ത് ലഹളയുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളും മന്ത്രിക്കെതിരെയുണ്ട്. വിദ്വേഷം പരത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിരുന്നു. സമാനമായ ആരോപണത്തിൽ 22 പേർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.
English Summary: Case against central Minister Rajeev Chandrasekhar
You may also like this video