മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതോടെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചനയാണ് തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്. സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ മറ്റൊന്നും പറയാനില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ ഇത്തരം ഒരു കഥ മെനയുകയും അതിന്റെ പിന്നാലെ വാര്‍ത്തകളും ഹര്‍ജികളും കൊണ്ടുവരികയും ചെയ്തത്. മുഖ്യമന്ത്രിയും സിപിഐഎമ്മും ഇക്കാര്യത്തില്‍ സംശയരഹിതമായ നിലപാടാണ് ആദ്യം മുതല്‍ എടുത്തത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതോടൊപ്പം ഇതിലെ രാഷ്ട്രീയലക്ഷ്യം ഏവരും മനസിലാക്കണമെന്നതായിരുന്നു ആ നിലപാട്. അതുതന്നെയാണ് ഇപ്പോള്‍ കോടതി വിധിയും വ്യക്തമാക്കുന്നത്.
രണ്ട് കമ്പനികള്‍ നിയമപ്രകാരം ഏര്‍പ്പെട്ട കരാര്‍ എന്നതിലപ്പുറം മറ്റൊന്നും ഇക്കാര്യത്തില്‍ കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല. സര്‍ക്കാര്‍ എന്തെങ്കിലും വഴിവിട്ട സഹായം സിഎംആര്‍എല്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും ചെയ്തുകൊടുത്തതായിട്ടും തെളിയിക്കാനായിട്ടില്ല. തെളിവിന്റെ കണിക പോലുമില്ലാതെയാണ് ഹര്‍ജിയുമായി കുഴല്‍നാടന്‍ സമീപിച്ചതെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. രാഷ്ട്രീയ താല്പര്യങ്ങള്‍ ഹര്‍ജിയുടെ പിന്നിലുണ്ടെന്ന പരാമര്‍ശം പോലും വിധിയുടെ ഭാഗമായി വന്നിട്ടുണ്ടെന്നത് ഏറെ ഗൗരവത്തോടെ കാണണം. യാഥാര്‍ത്ഥ്യം തെളിഞ്ഞ സാഹചര്യത്തില്‍ ആരോപണമുന്നയിച്ചവര്‍ സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
English Summary: Case against CM and daughter: Opposition-media conspiracy CPI(M)
You may also like this video