Site iconSite icon Janayugom Online

സ്വര്‍ണക്കടത്ത് സംഘാംഗം സാലിഹിനെതിരെ സ്ത്രീപീഡനത്തിന് കേസ്

യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പീഡനത്തിന് കേസെടുത്തു. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് പെരുവണ്ണാമൂഴി പൊലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. വിദേശത്തുള്ള ഇവരുടെ ഭര്‍ത്താവാണ് സ്വര്‍ണക്കടത്ത് സംഘത്തിന്, തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതില്‍ ഉള്‍പ്പെട്ട പലരും വിദേശത്തായതാണ് അന്വേഷണത്തില്‍ നേരിടുന്ന പ്രതിസന്ധി. പന്തിരിക്കരയില്‍ തന്നെയുള്ള ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പേരാമ്പ്ര എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അതേസമയം ഇര്‍ഷാദിന്റെ കുടുംബം നാളെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കും.

പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് പിതാവ് നാസര്‍ പ്രതികരിച്ചു. തട്ടിക്കൊണ്ടു പോയ ശേഷം ഇര്‍ഷാദ് ഫോണില്‍ ബന്ധപ്പെട്ടു. കൊണ്ടുവന്ന സ്വര്‍ണം മറ്റു ചിലര്‍ക്ക് കൈമാറിയതായി ഇര്‍ഷാദ് പറഞ്ഞെന്നും പിതാവ് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും സ്വര്‍ണക്കടത്ത് സംഘം ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. മകനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞു. താമരശ്ശേരി സ്വദേശി സാലിഹ് എന്നയാളാണ് നാസര്‍ എന്ന പേരില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതെന്നും പിതാവ് വിശദീകരിച്ചു.

Eng­lish sum­ma­ry; case against gold smug­gling gang mem­ber Sal­ih for molest­ing women

You may also like this video;

Exit mobile version