വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ ബെംഗളൂരുവില്‍ മലയാളി കായികാധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളില്‍ ക്രിക്കറ്റ് അധ്യാപകനായി പ്രവര്‍ത്തിച്ചുവന്ന അഭയ് മാത്യുവിന്റെ പേരിലാണ് കേസെടുത്തത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതിയാണ് പരാതിക്കാരി. ഇവര്‍ക്ക് ഒരു മകളുമുണ്ട്. ഇവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് അടുപ്പമുണ്ടാക്കിയ പ്രതി ഇവരോടൊപ്പം രണ്ടുവര്‍ഷമായി ലിവിങ് ടുഗതര്‍ ആയി താമസിച്ചുവരികയായിരുന്നു. പക്ഷേ, അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പിന്‍മാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇയാളുടെ ഫോണില്‍ നൂറുകണക്കിന് അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.
അതേസമയം, താന്‍ ഒളിവിലല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ അച്ഛനമ്മമാരെ കാണാന്‍ നാട്ടിലെത്തിയതാണെന്നും ഇയാള്‍ വീഡിയോ കോള്‍ വഴി അറിയിച്ചതായി പോലീസ് പറഞ്ഞു.

