Site iconSite icon Janayugom Online

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണ തീയതി പരാമര്‍ശിച്ചതില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണ തീയതി പരാമര്‍ശിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്.സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് എക്സില്‍ പങ്കുവെച്ച കുറിപ്പിന്റെ പേരിലാണ് കേസ്, സ്വയം പ്രഖ്യാപിത ഹിന്ദുത്വ ഗ്രൂപ്പായ് അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ പരാതിയില്‍ കൊല്‍ക്കത്ത ഭവാനിപൂര്‍ പൊലീസിലാണ് രാഹുലിനെതിരേ കേസെടുത്തിരിക്കുന്നത്.

രാഹുലിനെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത ശേഷം അദ്ദേഹത്തിനെതിരേ തെക്കന്‍ കൊല്‍ക്കത്തയിലെ എല്‍ജിന്‍ റോഡിലുള്ള നേതാജിയുടെ പൂര്‍വ്വിക വീടിന് സമീപം അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തു. നേതാജിയെ ആദ്യം കോണ്‍ഗ്രസ് വിടാനും പിന്നീട് രാജ്യം വിടാനും നിര്‍ബന്ധിച്ച അതേ പാരമ്പര്യമാണ് രാഹുല്‍ ഗാന്ധിക്കുള്ളതെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ചന്ദ്രചൂഡ് ഗോസ്വാമി പറഞ്ഞു.

രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ പൂര്‍വികരും എപ്പോഴും നേതാജിയുടെ ഓര്‍മകള്‍ ഇന്ത്യയിലെ ജനങ്ങളില്‍ നിന്ന് തുടച്ചുനീക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍, കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതിനുശേഷം നേതാജി തന്നെ സ്ഥാപിച്ച ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ഉള്‍പ്പെടെ വിമര്‍ശനവുമായി എത്തിയിരുന്നു.

ജനുവരി 23‑നായിരുന്നു സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം. അന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹത്തിന്റെ മരണ തീയതി 1945 ഓഗസ്റ്റ് 18 എന്ന് കുറിച്ചിരുന്നു. ഇതാണ് വിവാദമായത്. പിന്നാലെ രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ കോണ്‍ഗ്രസ് മറച്ചുവയ്ക്കുകയാണെന്നും നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോള്‍ എവിടെയാണെന്നോ ഉള്ള കാര്യം കോണ്‍ഗ്രസ് മറച്ചുവച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷും ആരോപിച്ചു.

Exit mobile version