അയോധ്യയിലെ നയ ആനന്ദ് ഭവന്‍ ക്ഷേത്രത്തിന്റെ ഭൂമി വ്യാജരേഖയുണ്ടാക്കി റാംമന്ദിര്‍ ട്രസ്റ്റിന് വിറ്റ പൂജാരിക്കെതിരെ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. ക്ഷേത്രത്തിന്റെ രക്ഷാധികാരിയുടെ പരാതിയിലാണ് ക്ഷേത്രത്തിലെ മുൻപൂജാരി രാംകാന്ത് പ്രതാകിനെതിരേ കേസെടുത്തത്. പെരുമാറ്റദൂഷ്യത്തെത്തുടർന്ന് ഇയാളെ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.
ക്ഷേത്രം ഒഴിഞ്ഞുപോകാൻ 2016ൽ കോടതി ഉത്തരവിട്ടെങ്കിലും ഇയാൾ ക്ഷേത്രത്തിൽ തുടർന്നതായും റവന്യൂ ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തി ഭൂമി സ്വന്തം പേരിലേക്ക് മാറ്റി വ്യാജരേഖയുണ്ടാക്കിയെന്നും പരാതിയിലുണ്ട്. പിന്നീട് ഈ വ്യാജരേഖകൾ ഉപയോഗിച്ച് അയോധ്യ രാമക്ഷേത്രത്തിന്റെ ഉടമസ്ഥരായ റാം മന്ദിർ ട്രസ്റ്റിന് ആറുകോടി രൂപയ്ക്ക് 21,198.8 ചതുരശ്രയടി ക്ഷേത്രഭൂമി വിറ്റെന്നാണ് ആരോപണം. പരാതി സ്വീകരിക്കാൻ പൊലീസ് വിസമ്മതിച്ചതിനെത്തുടർന്ന് രക്ഷാധികാരി ആനന്ദ് പ്രകാശ് പ്രതാക് കോടതിയെ സമീപിച്ചു. കോടതി നിർദേശത്തെ തുടർന്നാണ് കേസെടുക്കാന്‍ പൊലീസ് തയാറായത്.

