രാജസ്ഥാനിലെ ആല്‍വാറിൽ നാല് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ കേസ്. ഒന്‍പത് അധ്യാപകര്‍ക്കും പ്രഥമാധ്യാപകനും എതിരേയാണ് കേസെടുത്തിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ പിതാവ് മകള്‍ സ്‌കൂളില്‍ പോകാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.ഒരു വര്‍ഷത്തിലധികമായി അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്യുന്നതായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പിതാവിനെ അറിയിക്കുകയായിരുന്നു.
പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍കൂടി പരാതിയുമായി രംഗത്തെത്തി. മൂന്ന്, നാല്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. അധ്യാപകര്‍ ഭീഷണപ്പെടുത്തിയതായും അധ്യാപികമാര്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതായും പണം വാഗ്ദാനം ചെയ്തതായും വിദ്യാത്ഥിനികള്‍ ആരോപിച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ പറഞ്ഞു. ഫീസ് അടയ്ക്കാമെന്നും പുസ്തകങ്ങള്‍ വാങ്ങി നല്‍കാമെന്നും അധ്യാപികമാര്‍ വാഗ്ദാനം ചെയ്തതായും പെണ്‍കുട്ടികള്‍ ആരോപിച്ചു.
അധ്യാപികമാർ പ്രഥമാധ്യാപകന്‍ അടക്കമുള്ളവരുടെ വീടുകളിലേക്ക് നിരവധി തവണ കൊണ്ടുപോയതായും അവിടെവച്ച് പീഡനത്തിന് ഇരയായതായും പെണ്‍കുട്ടികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പരാതി നല്‍കാനെത്തിയ തന്നെ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥിനികളിലൊരാളുടെ പിതാവ് പറഞ്ഞു. സഹോദരന്‍ മന്ത്രിയാണെന്ന് പറഞ്ഞ പ്രഥമാധ്യാപകന്‍, പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ പ്രഥമാധ്യാപകന്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.
ENGLISH SUMMARY:Case filed against teachers who molested female students in Rajasthan
You may also like this video