Site iconSite icon Janayugom Online

പ്രാവുകൾക്ക് ഭക്ഷണം നൽകിയതിന് കേസ്; പ്രതിഷേധവുമായി ജൈനമത വിശ്വാസികള്‍

പ്രാവുകൾക്ക് ഭക്ഷണം നൽകിയതിന് കേസെടുത്ത് മുംബൈ പൊലീസ്. പ്രതിഷേധവുമായി ജൈനമത വിശ്വാസികള്‍. ദാദര്‍ ഹിന്ദുജ ആശുപത്രിക്ക് സമീപം എൽജെ റോഡിലെ കബൂതർഖാനയ്ക്ക് സമീപം പ്രാവുകൾക്ക് ധാന്യങ്ങൾ വിതറിയ അജ്ഞാത വ്യക്തികൾക്കെതിരെയാണ് മാഹിം പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ്. പൊതു ഇടങ്ങളിലും പൈതൃക സ്ഥലങ്ങളിലും പ്രാവുകൾക്ക് ഭക്ഷണം നൽകരുതെന്ന നിരോധനം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കണമെന്ന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷന്(ബിഎംസി) ബോംബെ ഹൈക്കോടതി കർശന നിര്‍ദേശം നല്‍കിയിരുന്നു. പ്രാവുകളുടെ അനിയന്ത്രിതമായ ഒത്തുചേരലുകൾ മൂലമുണ്ടാകുന്ന ഗുരുതരമായ പൊതുജനാരോഗ്യ ആശങ്കകൾ, പ്രത്യേകിച്ച് ശ്വസന രോഗങ്ങൾ, പരിസ്ഥിതി നശീകരണം എന്നിവ മുന്‍നിര്‍ത്തിയായിരുന്നു കോടതി ഉത്തരവ്.
രാവിലെ 6.50 ഓടെ ഒരു സംഘമാളുകള്‍ ഇരുചക്രവാഹനങ്ങളിൽ സ്ഥലത്തെത്തി പ്രാവുകൾക്ക് തീറ്റ നൽകിയ ശേഷം സ്ഥലം വിട്ടതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറ‍ഞ്ഞു. സെക്ഷൻ 223 (പൊതുപ്രവർത്തകന്റെ ഉത്തരവ് അനുസരിക്കാതിരിക്കൽ), സെക്ഷൻ 270 (അണുബാധ പടർത്താൻ സാധ്യതയുള്ള ദുഷ്പ്രവൃത്തി), സെക്ഷൻ 271 (ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുന്ന അശ്രദ്ധമായ പ്രവൃത്തി) എന്നിവ അനുസരിച്ചാണ് എഫ്‌ഐആർ.

അതേസമയം പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിന് മതപരമായ ബന്ധമുള്ള ജൈന സമൂഹം പൊലീസ് നടപടിക്കെതിരെ രംഗത്തെത്തി. കബൂതര്‍ഖാനയ്ക്കെതിരായ നടപടി വിവേചനപരവും മതവിശ്വാസങ്ങൾക്ക് നേരെയുള്ള ആക്രമണവുമാണെന്ന് ജൈനമത സംഘടനകള്‍ വിശേഷിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ബിഎംസി സംഘം കബൂതര്‍ഖാനയിലെ പ്രാവിന്‍കൂടുകള്‍ പൊളിച്ചുനീക്കാന്‍ ശ്രമിച്ചിരുന്നു. എന്നാൽ ജൈന സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. കനത്ത പൊലീസ് സാന്നിധ്യമുണ്ടായിട്ടും ഉദ്യോഗസ്ഥർക്ക് പൊളിക്കൽ നടത്താൻ കഴിഞ്ഞില്ല. ബിഎംസി നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ‘ശാന്തിദൂത് യാത്ര’ നടത്തി. നേരത്തെ പ്രാവുകള്‍ ഉണ്ടാക്കുന്ന ആരോഗ്യ അപകടങ്ങൾക്കെതിരായ ബോധവൽക്കരണ പ്രചാരണത്തിന് പൗരസമിതി നടത്തിയ റാലിയുടെ പേരും ശാന്തിദൂത് യാത്ര എന്നായിരുന്നു. 

Exit mobile version