നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് നോട്ടീസ് നൽകി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയൽ നടിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു.
ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് ചോദ്യം ചെയ്തത്. ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിതാ സീരിയൽ നിർമാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. മുൻപ് തിരുവനന്തപുരത്ത് പരസ്യ ഏജൻസി നടത്തിയ വ്യക്തിയാണ് ഇവര്‍.
മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതൽ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുൻ നായികയായിരുന്ന നടിയെയും അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. ദിലീപിന്റെ മുൻ നായികയായ നടി ഇടവേളക്ക് ശേഷം അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്.
ദുബായിൽ സ്ഥിരതാമസമാക്കിയ ഈ നടിയും ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ട്. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ നശിപ്പിച്ചതായാണ് തെളിവുകൾ നശിപ്പിച്ച സൈബർ വിദഗ്ദൻ സായ് ശങ്കർ പൊലീസിന് നൽകിയ മൊഴി. ദിലീപിന്റെ നിർദേശപ്രകാരമാണ് കൃത്യം നിർവഹിച്ചതെന്നും പ്രാഥമിക ചോദ്യം ചെയ്യലിൽ സായ് സമ്മതിച്ചിട്ടുണ്ട്.
English Summary:Case of assault on actress; Dileep will be questioned again
You may also like this video