Site icon Janayugom Online

നടിയെ ആക്രമിച്ച കേസ്; അതിജീവിത ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത് എന്നാവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹർജിയിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കിയെന്നും അതിജീവിത ഹര്‍ജിയിൽ പറഞ്ഞു. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും ഹര്‍ജിയിലുണ്ട്.

കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി ഹര്‍ജിയിൽ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ അന്തിമ കുറ്റപത്രം തിങ്കളാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും. ദിലീപിന്റെ സുഹൃത്ത് ശരത്ത് 15-ാം പ്രതിയാകും. ക്രൈം ബ്രാഞ്ച് നൽകുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അന്വേഷണസംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നൽകി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈകളിൽ എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഐപിസി 201-ാം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേർത്തത്. തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. കേസിൽ ശരത്ത് ഉൾപ്പെടെ ഇതുവരെ 15 പേരെയാണ് പ്രതിയാക്കിയത്. രണ്ട് പേരെ നേരത്തെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു. മൂന്ന് പ്രതികളെ മാപ്പ് സാക്ഷിയാക്കി.

കേസിൽ ദിലീപ് എട്ടാം പ്രതിയായി തുടരും. കേസുമായി ബന്ധപ്പെട്ട് നേരത്തെ ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് നടന്നതെങ്കിലും അരമണിക്കൂറിനുള്ളിൽ ജാമ്യം ലഭിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പ്രതിചേർക്കാതിരിക്കാൻ പൊലീസ് ഉന്നതന് 50 ലക്ഷം രൂപ കൈമാറിയെന്ന തരത്തിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകള്‍ പുറത്ത് വന്നിരുന്നു. ശരത്തിന്റെതാണ് ഈ ശബ്ദം എന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ ആ ശബ്ദം തന്റേതല്ലെന്നാണ് ശരത്ത് അവകാശപ്പെടുന്നത്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റ് കൂടിയായിരുന്നു ശരത്തിന്റെത്.

 

ഹൈക്കോടതി ജഡ്ജി പിന്മാറിയേക്കും

കൊച്ചി: അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ഹൈക്കോടതി ജഡ്ജി കൗസർ എടപ്പഗത്ത്. അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം. ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ജഡ്ജിനെ വിശ്വാസമില്ലെന്നും ഹർജി മറ്റൊരു ബെഞ്ചിൽ പരിഗണിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. വിചാരണക്കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തണമെന്നും മെമ്മറി കാർഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവയ്ക്കാൻ ശ്രമിച്ചെന്നും അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു.

 

Eng­lish summary;Case of assault on actress; Sur­vivor in the High Court

You may also like this video;

Exit mobile version