Site icon Janayugom Online

നടിയെ ആക്രമിച്ച കേസ്; പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് എഡിജിപി

നടിയെ ആക്രമിച്ച കേസിൽ കോടതി നിർദ്ദേശം അനുസരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസിൽ സത്യസന്ധമായ അന്വേഷണം നടത്തും. സംവിധായകന്റെയടക്കം വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയിൽ വരുമെന്നും അന്വേഷണ മേൽനോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് മേധാവി എന്‍ ശ്രീജിത്ത് പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ശ്രീജിത്ത്. 

അതേ സമയം, കേസിൽ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തുക. മൊഴിയെടുക്കലിന് ഹാജരാകണമെന്ന് കാണിച്ച് ബാലചന്ദ്രകുമാറിന് കോടതി സമൻസ് അയച്ചു. കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തിടെ പുറത്തുവിട്ടത്. കേസിൽ നിർണായകമായേക്കുന്ന തെളിവുകളാണ് ഇതെന്നാണ് പ്രോസിക്യൂഷന്റെ കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്റെ മെമ്മറി കാർഡ് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. 

എന്നാൽ ഈ ആക്രമണ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നു. ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളുമുണ്ട്. അതിന് ശേഷം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ദിലീപിനെ വിളിച്ചപ്പോൾ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാൻ വന്നുവെന്നും ഇതിന് തെളിവായി വാട്സ്ആപ്പിൽ അയച്ച ഓഡിയോ മെസേജും സംവിധായകൻ പുറത്തുവിട്ടിരുന്നു. കേസിൽ ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോർട്ട് കൈമാറാനാണ് വിചാരണക്കോടതിയുടെ നിർദ്ദേശം. 

ENGLISH SUMMARY:Case of assault on actress; The ADGP said it would inves­ti­gate the new revelation
You may also like this video

Exit mobile version