Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി. അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന്റെ മറവില്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും ദിലീപ് ആരോപിച്ചു. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന നടിയും കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കിയേ തീരൂവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ മാത്രം എന്താണിത്ര പ്രത്യേകത എന്നും, ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണിത്ര അന്വേഷിക്കാനെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. രണ്ട് മാസം അന്വേഷണത്തിനായി നല്‍കിയില്ലേ എന്നും ഈ ഒരു വിഷയത്തില്‍ മാത്രം അന്വേഷണം കേന്ദ്രീകരിക്കണമെന്നും ഇനി സമയം നീട്ടി നല്‍കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Eng­lish sum­ma­ry; Case of assault on actress; The pros­e­cu­tion said it would take anoth­er three months to com­plete the investigation

You may also like this video;

Exit mobile version