മുഖ്യമന്ത്രി പിണറായി വിജയനെ വിമാനയാത്രയ്‌ക്കിടെ യൂത്തുകോൺഗ്രസുകാർ അപായപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇൻഡിഗോ വിമാനം പൊലീസ് സംഘം ഇന്ന് വൈകിട്ട് പരിശോധിച്ചു. മഹസർ തയാറാക്കാൻ വിമാനം പരിശോധിക്കണമെന്ന് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. ഇന്ന് വൈകിട്ട് ഇന്‍ഡിഗോ അധികൃതർ സമയം അനുവദിക്കുകയായിരുന്നു.
ശംഖുംമുഖം എസിപി പൃഥ്വിരാജിന്റെ മേൽനോട്ടത്തിൽ എസ്‌എച്ച്‌ഒ ടി സതികുമാറും സംഘവുമാണ് വിമാനം പരിശോധിച്ചത്. പ്രതികൾ ഇരുന്ന സീറ്റുകളിൽനിന്ന് മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിലേക്കുള്ള ദൂരം, വിമാനത്തിലെ യാത്രാ നിർദേശങ്ങൾ എന്നിവ സംഘം പരിശോധിച്ചു. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ച കേസില്‍ ഒളിവിലുള്ള മൂന്നാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ സുനിത് നാരായണനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി രാജ്യം വിടാതിരിക്കാനാണിത്. ഇയാൾക്കായി പൊലീസ് സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചു.
മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു. കേസ് അന്വേഷണത്തിന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മേധാവി കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സംഭവത്തില്‍ ഇന്‍ഡിഗോ ആഭ്യന്തര സമിതിയും അന്വേഷണം നടത്തുന്നുണ്ട്.
അതിനിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവം പ്രതിരോധിച്ച എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പക്കൽ വീഴ്‌ചയില്ലെന്ന എയർപോർട്ട് മാനേജരുടെ റിപ്പോർട്ടിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവി വരുൺ ദേവേദിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരാതി നൽകി.
English summary;Case of attempt to attack CM; Lookout notice for the third defendant
You may also like this video;