Site iconSite icon Janayugom Online

പാലക്കാട് വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് സസ്‌പെന്‍ഷന്‍

മലമ്പുഴയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. യു പി സ്‌കൂള്‍ അധ്യാപകനായ അനിലിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. എഇഒയുടെ റിപ്പോര്‍ട്ടിന്മേലാണ് നടപടി. സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്നും എഇഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയത്. സംഭവത്തില്‍ അധ്യാപകര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. സംഭവത്തില്‍ മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

നവംബര്‍ 29 നാണ് യു പി സ്‌കൂള്‍ അധ്യാപകനായ അനില്‍ പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചത്. സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പിടിയിലായത്. പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം വിവരം മറച്ചുവെച്ചുവെന്നും പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ സ്‌കൂള്‍ പരാതി നല്‍കിയതെന്നുമാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

Exit mobile version