Site iconSite icon Janayugom Online

വിവാഹ വാർഷിക ദിനത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്ത്യം തടവും പിഴയും

വിവാഹ വാർഷിക ദിനത്തിൽ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്ത്യം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുതുപ്പള്ളി വടക്ക് സ്നേഹ ജാലകം കോളനിയിൽ ജോമോൻ ജോയി (28)യെ ആണ് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി എസ് എസ് സീന ശിക്ഷ വിധിച്ചത്. പ്രതിയുടെ സുഹൃത്തായ പുതുപ്പള്ളി വടക്ക് മഠത്തിൽ വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ മകൻ ഹരികൃഷ്ണൻ (36) കൊല്ലപ്പെട്ട കേസിലാണ് വിധി. മാരകമായി പരിക്കേൽപ്പിച്ചതിന് മൂന്നു വർഷം കഠിന തടവും, 25,000 രൂപ പിഴയും വിധിച്ചു.

തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2021 ഡിസംബർ 17ന് രാത്രിയിലാണ് ജോമോൻ ജോയിയുടെ വീട്ടിൽ വെച്ച് ഹരികൃഷ്ണൻ കൊല്ലപ്പെട്ടത്. ജോമോൻ ജോയിയുടെ ഒന്നാം വിവാഹ വാർഷിക ദിനത്തിൽ ആയിരുന്നു സംഭവം. രാത്രി പത്തരയോടെ അമിതമായി മദ്യപിച്ചെത്തിയ ജോമോൻ, ഭാര്യ മാതാവായ സ്മിത ജോണുമായി വാക്കുതർക്കമുണ്ടായി പിടിച്ചു തള്ളി. ഹരികൃഷ്ണൻ ജോമോനെ ചോദ്യം ചെയ്തു. രാത്രി 11ന് ജോമോന്റെ വീട്ടിലെ ഹാളിൽ വച്ച് ജോമോൻ കത്തികൊണ്ട് സ്വയം മുറിവേൽപ്പിക്കുന്നത് കണ്ട് ഹരികൃഷ്ണൻ തടയാൻ ശ്രമിച്ചു. തുടർന്ന് കത്തികൊണ്ട് ജോമോൻ ഹരികൃഷ്ണന്റെ ഇടതു നെഞ്ചിൽ കുത്തുകയായിരുന്നു.

ശ്വാസകോശത്തിനും വാരിയെല്ലുകൾക്കും മാരകമായി മുറിവേറ്റ ഹരികൃഷ്ണൻ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. കായംകുളം സി ഐ ആയിരുന്ന വി എസ് ശ്യാംകുമാറും തുടർന്ന് സി ഐ, വൈ മുഹമ്മദ് ഷാഫിയും അന്വേഷണം നടത്തി പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ തെളിവിലേക്കായി 40 സാക്ഷികളെ വിസ്തരിച്ചു. 93 രേഖകളും 20 തൊണ്ടി സാധനങ്ങളും തെളിവിലേക്കായി ഹാജരാക്കിയിരുന്നു എസ് ഐ ഉദയകുമാർ, സീനിയർ സിപിഒ റെജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി സന്തോഷ്, അഭിഭാഷകരായ ഇ നാസറുദ്ദീൻ, സരുൺ കെ ഇടിക്കുള, അപർണ സോമനാഥൻ എന്നിവർ ഹാജരായി.

Exit mobile version