Site iconSite icon Janayugom Online

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; വ്യവസായി അനീഷ് ബാബുവിനെ ഇഡി കസ്റ്റഡിയിലെടുത്തു

കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കൊല്ലത്തെ പ്രമുഖ വ്യവസായി അനീഷ് ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് ഇന്ന് ഉച്ചയോടെ ഇഡി കൊച്ചി യൂണിറ്റ് ഇദ്ദേഹത്തെ പിടികൂടിയത്. ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 25 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ ചോദ്യം ചെയ്യലിനായി 10 തവണ സമൻസ് അയച്ചിട്ടും അനീഷ് ബാബു ഹാജരാകാത്തതിനെ തുടർന്ന് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് നാടകീയമായി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ, കേസ് ഒതുക്കിത്തീർക്കാൻ ഇഡി ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച് അനീഷ് ബാബു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു ഇടനിലക്കാരനെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നതും വലിയ വാർത്തയായിരുന്നു. അനീഷ് ബാബുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

Exit mobile version