Site icon Janayugom Online

വിദ്യാര്‍ത്ഥികളോട് ജാതി വിവേചനം ; പ്രഥമ അധ്യാപികയ്ക്ക് സസ്പെൻഷൻ

ഉത്തർപ്രദേശിലെ പ്രെെമറി സ്കൂളില്‍ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികളോട് ജാതി വിവേചനം. കുട്ടികള്‍ക്ക് നേരെ ജാതിപരമായ അധിക്ഷേപങ്ങൾ നടത്തുകയും വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പ്ലേറ്റുകൾ വെവ്വേറെ സൂക്ഷിക്കുന്നുവെന്നുമുള്ള പരാതിയില്‍ സ്കൂളിലെ പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്തു.
ഉയര്‍ന്ന ജാതിയില്‍പ്പെട്ട കുട്ടികളുടെ പാത്രം കഴുകി കൊടുക്കുന്ന പാചകക്കാര്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്ലേറ്റുകളില്‍ തൊടാന്‍പോലും വിസമ്മതിക്കുന്നതായി കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം നടത്തിയത്.
മെയിൻപുരി ജില്ലയിലെ ദൗദാപൂർ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. ഇവിടുത്തെ 80 കുട്ടികളിൽ 60 പേരും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഉയര്‍ന്ന ജാതിയിലുള്ള വിദ്യാര്‍ത്ഥികളുടെ പാത്രങ്ങള്‍ അടുക്കളയിൽ സൂക്ഷിക്കും. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികളുടെ പാത്രങ്ങള്‍ അവരെകൊണ്ടുതന്നെ കഴുകി വൃത്തിയാക്കിപ്പിച്ച് വെവ്വേറെ സൂക്ഷിക്കും. ഇവരുടെ പാത്രങ്ങളില്‍ സ്കൂള്‍ അധികൃതര്‍ തൊടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളോട് ജാതി വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമമുഖ്യയായ മഞ്ജു ദേവിയുടെ ഭർത്താവിനെ ചില മാതാപിതാക്കള്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം സ്കൂൾ സന്ദർശിക്കുകയും ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ വിഷയം ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകുകയും ചെയ്തു.
സ്കൂളിലെത്തി പരിശോധന നടത്തിയ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും പാചകക്കാർ പട്ടികജാതി വിദ്യാർത്ഥികളുടെ പാത്രങ്ങൾ തൊടാൻ വിസമ്മതിക്കുന്നതും ജാതിപരമായ അധിക്ഷേപങ്ങൾ ഉപയോഗിക്കുന്നതും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിലെ പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്തതെന്ന് മെയിൻപുരി ബേസിക് ശിക്ഷാ അധികാരി കമൽ സിങ് പറഞ്ഞു. രണ്ട് പാചകക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry; Caste dis­crim­i­na­tion against school chil­dren in UP; The first teacher was suspended

You may also like this video;

Exit mobile version