Site iconSite icon Janayugom Online

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ ജാതി വിവേചനവും കാലതാമസവും

കേന്ദ്ര സർക്കാരിന്റെ വികലമായ തൊഴിൽ നയങ്ങൾ മൂലം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ ജാതി വിവേചനവും കാലതാമസവുമെന്ന് റിപ്പോര്‍ട്ട്. 71 ശതമാനം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കൃത്യസമയത്ത് വേതനം ലഭിക്കുന്നില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ദരിദ്ര ഗ്രാമങ്ങളില്‍ വേതനം നല്‍കുന്നതില്‍ ജാതി വിവേചനം വന്‍ തോതില്‍ പ്രകടമാണ്. ഇത് ജാതി മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അസിം പ്രേംജി സർവകലാശാല പ്രൊഫസര്‍ രാജേന്ദ്ര നാരായണന്റെ നേതൃത്വത്തില്‍ ലിബ്ടെക്കാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ 10 സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച 18 ലക്ഷം രൂപയില്‍ നിന്ന് മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് പട്ടിക ജാതി വിഭാഗത്തിന് വേഗത്തില്‍ വേതനം ലഭിച്ചതായി ലിബ്ടെക്കില്‍ നിന്നുള്ള ഗവേഷകര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ദീപാവലിയോടനുബന്ധിച്ച് എസ്‌സി, എസ്‌ടി വിഭാഗത്തിലുള്ളവര്‍ക്ക് വേഗത്തില്‍ വേതനം നല്‍കിയെന്നാരോപിച്ച് രാജസ്ഥാനിലെ അജ്മീറില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെയുള്ള ദരിദ്ര വിഭാഗങ്ങള്‍ക്ക് ദീപാവലി പോലുള്ള ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ സഹായകമാകുന്നത് തൊഴിലുറപ്പിലൂടെ ലഭിക്കുന്ന വേതനമാണ്. എന്നാല്‍ അത് ഇപ്പോള്‍ ലഭ്യമാകുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 


ഇതുംകൂടി വായിക്കാം;തൊഴിലുറപ്പ് തൊഴിലാളികളെ വഞ്ചിച്ച് കേന്ദ്രം


 

ഒരു പരിധിവരെ ഈ വിവേചനത്തിലേക്ക് നയിച്ചത് ജാതി അടിസ്ഥാനത്തില്‍ കൂലി നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാണെന്നും വിമര്‍ശനമുണ്ട്. മാര്‍ച്ച് രണ്ടിന് മോഡി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്തുത ഉത്തരവിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, ബിഹാര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ജാതി അടിസ്ഥാനത്തില്‍ വേതനം നല്‍കിയതായി സാമൂഹിക പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നു. ഇത് സാമൂഹിക സ്പര്‍ധയുള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഉയര്‍ത്തിക്കാട്ടിയതിനാല്‍ വിവാദ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഇതുവരെ കേന്ദ്ര തൊഴില്‍ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല.അതിനാല്‍ പല സംസ്ഥാനങ്ങളും പഴയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കുന്നതാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. കൂലിനൽകുന്നതിൽ ജാതി വിവേചനം കാട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയുടെ സാർവത്രികതയ്ക്ക് എതിരാണെന്ന് പ്രൊഫ. രാജേന്ദ്ര നാരായണ്‍ പറഞ്ഞു.

പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 80 ശതമാനം തൊഴിലാളികള്‍ക്കും വേതനം ലഭിക്കാനായി 15 ദിവസം കാത്തിരിക്കേണ്ടി വരുമ്പോള്‍ എസ്‌സി, എസ്‌ടി ഇതര വിഭാഗത്തിലെ 26 ശതമാനത്തിന് മാത്രമാണ് ഏഴ് ദിവസത്തിനുള്ളില്‍ കൂലി ലഭിക്കുന്നത്. 51 ശതമാനത്തിന് 15 ദിവസത്തിനുള്ളിലാണ് കൂലി ലഭിക്കുന്നത്.പലര്‍ക്കും നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ വേതനം നല്‍കുന്നുണ്ടെന്ന് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം അവകാശപ്പെടുന്നുണ്ടെങ്കിലും ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പട്ടിക ജാതി, പട്ടിക വര്‍ഗകാര്‍ക്ക് വേതനം ലഭിക്കാന്‍ വൈകുന്നത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന പരാതി ലഭിക്കുന്നുണ്ടെന്നും പറയുന്നു.
തൊഴിലാളികള്‍ പരസ്പരം ഇടപഴകുന്നതിനാല്‍ പ്രാരംഭ ഘട്ടം മുതല്‍ തൊഴിലുറപ്പ് പദ്ധതി ജാതീയത ഇല്ലാതാക്കാന്‍ സഹായകരമായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ ഉത്തരവ് പുറത്തുവന്നതോടെ തൊഴിലാളികളില്‍ വിഭാഗീയത സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന് തൊഴിലുറപ്പ് സംഘടനാ നേതാവായ അഭയ് കുമാര്‍ പറഞ്ഞു.
eng­lish summary;Caste dis­crim­i­na­tion and delay in pay­ment of wages to guar­an­teed workers
you may also like this video;

Exit mobile version