Site iconSite icon Janayugom Online

ജാതീയ വിവേചനം, സമ്മര്‍ദം; പിന്നാക്ക വിദ്യാര്‍ത്ഥികള്‍ ഐഐടി പഠനം ഒഴിവാക്കുന്നു

കടുത്ത ജാതീയ വിവേചനവും പലവിധ സമ്മര്‍ദവും കാരണം രാജ്യത്തെ പ്രമുഖ വിദ്യാഭ്യസ സ്ഥാപനങ്ങളായ ഐഐടി, ഐഎംഎം, കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ വന്‍ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പിന്നാക്ക, എസ്‍സി-എ‌‌‌‌സ‌്ടി വിഭാഗത്തില്‍പ്പെട്ട 19,000 വിദ്യാര്‍ത്ഥികളാണ് പഠനം പാതിവഴിയില്‍ നിര്‍ത്തി പോയത്. രാജ്യസഭയില്‍ ഡിഎകെ അംഗം തിരുച്ചിശിവയുടെ ചോദ്യത്തിനു കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2018 മുതല്‍ 2023 വരെയുളള കാലയളവില്‍ 6901 പിന്നാക്കക്കാര്‍, 3596 പട്ടികജാതി വിദ്യാര്‍ത്ഥികള്‍, 3949 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് പാതിവഴിയില്‍ പഠനം നിര്‍ത്തിപ്പോയി. 2544 പേര്‍ ഐഐടി ഒഴിവാക്കി. 1362 എസ്‍സി, 538 എ‌‌‌‌സ‌്ടി വിദ്യാര്‍ത്ഥികളാണ് ഐഐടികള്‍ വിട്ടത്. 133 ഒബിസി, 143 എസ്‍സി, 90 എ‌‌‌‌സ‌്ടി വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്നും കൊഴിഞ്ഞുപോയി. ജാതിവിവേചനം, കടുത്ത മത്സരസമ്മര്‍ദ്ദം എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനു പ്രധാന കാരണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമുള്ള വിവേചനവും സമ്മര്‍ദവും കേന്ദ്ര സ്ഥാപനങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിനു ആക്കം കൂട്ടുന്നു.

കലാലയത്തില്‍ പ്രവേശിക്കുന്ന കാലം മുതല്‍ ആരംഭിക്കുന്ന കടുത്ത സമ്മര്‍ദം പലവിദ്യാര്‍ത്ഥികള്‍ക്കും താങ്ങാനാവാത്തതാണെന്ന് മുംബൈ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പലവിധ വിവേചനവും സമ്മര്‍ദവും പാര്‍ശ്വവല്‍ക്കരിപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്.

ഇത്തരം സ്ഥാപനങ്ങളില്‍ പഠനം നടത്താന്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ സാമുഹിക സാമ്പത്തിക പശ്ചാത്തലം മനസിലാക്കാതെയുളള ഭരണപരമായ നടപടിക്രമങ്ങളും അസഹനീയമാണ്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവുറ്റതാക്കന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതായി കേന്ദ്രമന്ത്രി സുഭാഷ് സര്‍ക്കാര്‍ പറയുന്നു. ഫീസ് കുറയ്ക്കുന്ന വിഷയവും കുടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന കാര്യവും പരിഗണിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ഐഐടികളിലും മറ്റ് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാതി വിവേചനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ ഏറിവരുകയാണ്.

Eng­lish Sum­ma­ry: Caste Dis­crim­i­na­tion, Back­ward stu­dents avoid IIT studies
You may also like this video

Exit mobile version