Site iconSite icon Janayugom Online

ജാതിവിവേചനം: ബീഹാറിറിലെ വൈശാലിയില്‍ 91 വയസുള്ള ദളിത് വയോധികയുടെ മൃതദേഹം റോഡരികില്‍ സംസ്കരിച്ചു

ജാതിവിവേചനം കാരണം പൊതുശ്മശാനത്തിലേക്ക് വഴി നിഷേധിച്ചതിനെ തുടര്‍ന്ന് 91 വയസുള്ള ദളിത് വയോധികയുടെ മൃതദേഹം റോഡരികില്‍ സംസ്കാരിച്ചു. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.ജപ്കി ദേവി എന്ന വയോധികയ്ക്കാണ് മരണാനന്തര കർമ്മങ്ങൾക്കായി ശ്മശാനത്തിൽ ഇടം ലഭിക്കാതെ പോയത്. ജപ്കി ദേവിയുടെ മരണത്തിന് പിന്നാലെ മൃതദേഹം സംസ്കരിക്കാനായി ബന്ധുക്കൾ പൊതു ശ്മശാനത്തിലേക്ക് കൊണ്ടുപോയെങ്കിലും പ്രാദേശിക കടയുടമകളും ചില വ്യക്തികളും വഴി തടയുകയായിരുന്നു. ശ്മശാനത്തിലേക്കുള്ള വഴിയിലുള്ള ക്ഷേത്രവും അതിനടുത്തായുള്ള കൈയ്യേറ്റങ്ങളുമാണ് വഴി തടസ്സപ്പെടാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

മണിക്കൂറുകളോളം അധികൃതരോടും വഴി തടഞ്ഞവരോടും അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ മറ്റ് മാർഗ്ഗമില്ലാതെ കുടുംബാംഗങ്ങൾ മൃതദേഹം റോഡരികിൽ തന്നെ സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ മൃതദേഹത്തോട് അനാദരവാണ് കിട്ടിയതെന്നും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും വയോധികയുടെ മകൻ പറഞ്ഞു. സ്വന്തം നാട്ടിൽ മൃതദേഹം സംസ്കരിക്കാൻ പോലും വഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ഭരണകൂടമെന്നും അദ്ദേഹം ചോദിച്ചു. 

സംഭവം വിവാദമായതോടെ വൈശാലി ജില്ലാ മജിസ്‌ട്രേറ്റ് വർഷ സിംഗ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രാഥമിക അന്വേഷണത്തിൽ വഴി നിഷേധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൃതദേഹത്തോടുള്ള അനാദരവിനും വഴി തടസ്സപ്പെടുത്തിയതിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. എന്നാൽ ആധുനിക ഇന്ത്യയിലും ജാതി വിവേചനം ഒരു മനുഷ്യന്റെ അവസാന യാത്രയെ പോലും തടസ്സപ്പെടുത്തുന്നു എന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

Exit mobile version