Site iconSite icon Janayugom Online

കേന്ദ്ര സർവ്വകലാശാലയിൽ ജാതി വിവേചനം; ചെയ്യാത്ത കുറ്റത്തിന് ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായി പരാതി

കേരള കേന്ദ്ര സർവ്വകലാശാലയിൽ വീണ്ടും ജാതി വിവേചനമെന്ന് പരാതി. ചെയ്യാത്ത കുറ്റത്തിന് വർഷങ്ങളായി ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന യുവാവിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായാണ് പരാതി. കള്ളാർ അടോട്ടുകയ സ്വദേശി രൂപേഷ് വേണുവിനെയാണ് ജോലിയിൽ നിന്നും മാറ്റിയത്. ദിവസവേതനത്തിന് 2021 മുതൽ ജോലി ചെയ്യുന്ന രൂപേഷിനെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വൈസ് ചാൻസിലറുടെ നിർദ്ദേശപ്രകാരം ജോലിയിൽ നിന്ന് മാറ്റി നിർത്തിയത്. ഇതിനെതിരെ രൂപേഷ് താലൂക്ക് നിയമസേവന അതോറിറ്റി ചെയർമാന് പരാതി നൽകി. 

കഴിഞ്ഞ ഒക്ടോബർ 12ന് രാത്രി 8.30നാണ് ഗസ്റ്റ് ഹൗസിലെ കുക്ക് തയ്യാറാക്കി വെച്ച ഭക്ഷണം കെയർടേക്കറിന്റെ നിർദേശപ്രകാരം വൈസ് ചാൻസലർ സിദ്ധു പി ആൽഗുറിന്റെ വീട്ടിലേക്ക് എത്തിച്ചത്. എന്നാൽ പിറ്റേന്ന് രാവിലെ ഗസ്റ്റ്ഹൗസ് മാനേജരാണ് ഭക്ഷണം മോശമായിരുന്നെന്നും വിളമ്പിയ സാമ്പാർ പുളിച്ചിരുന്നെന്നും രൂപേഷിനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ടെന്നും അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരം കാണാമെന്ന് പറഞ്ഞെങ്കിലും ഒരു മാസമാകുമ്പോഴും ജോലിയില്ലാതെ കഴിയുകയാണെന്ന് രൂപേഷ് പരാതിയിൽ പറയുന്നു. 

തന്നെ പിരിച്ചുവിടുമ്പോഴും ഭക്ഷണം ഉണ്ടാക്കിയ കുക്കിനെതിരെ നടപടി എടുത്തിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. വൈസ് ചാൻസലറുടെ ജാതിവിവേചനത്തിന്റെ ഇരയാണ് താനെന്ന ഗുരുതരമായ ആക്ഷേപവും രൂപേഷ് ഉന്നയിക്കുന്നുണ്ട്. താൻ പട്ടികവർഗവിഭാഗത്തിലെ മാവിലൻ സമുദായത്തിൽപ്പെടുന്നയാളാണ്. ജാതി നോക്കിയാണ് അദ്ദേഹം ജീവനക്കാരോട് പെരുമാറുന്നത്. ദളിത് വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നതും അവഹേളിക്കുന്നതും പതിവാണ്. അധ്യാപകരും ഓഫീസർമാരും ഇതിന്റെ ഇരകളാണെങ്കിലും ഭയം കാരണം പരാതിപ്പെടുന്നില്ല. 

നേരത്തെ ഏതാനും മാസം വൈസ് ചാൻസലർ ഗസ്റ്റ് ഹൗസിൽ താമസിച്ചപ്പോഴും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. പതിവായി ആക്ഷേപിച്ചും ദേഷ്യപ്പെട്ടുമാണ് വൈസ് ചാൻസലർ സംസാരിച്ചിരുന്നത്. ഞാൻ മുറിയിൽ കയറുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ദളിതനായ താൻ അദ്ദേഹത്തിനുള്ള ഭക്ഷണം തയ്യാറാക്കുന്നതിൽ പങ്കാളിയാകുന്നത് ഇഷ്ടപ്പെടാത്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നും വൈസ് ചാൻസലറുടെ വീട്ടിൽ ആളുകളെ ജോലിക്ക് വെക്കുന്നതും ജാതി നോക്കിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

89 ദിവസം കൂടുമ്പോൾ കരാർ പുതുക്കി നൽകുകയാണ്. സർവകലാശാലയുടെ നീലഗിരി ഗസ്റ്റ് ഹൗസിലെ കരാർ ജോലി കഴിഞ്ഞ സെപ്റ്റംബർ രണ്ട് മുതൽ നീട്ടി നൽകിയിട്ടുമുണ്ട്. രണ്ടുപേരാണ് അവിടെ കുക്ക് തസ്തികയിൽ ജോലി ചെയ്യുന്നത്. അവരെ സഹായിക്കുക മാത്രമാണ് രൂപേഷിന്റെ ജോലി. എന്നാൽ ഭക്ഷണം മോശമായതിന്റെ പേരില്‍ ഹെൽപ്പറായ രൂപേഷിനെതിരെ മാത്രം നടപടിയുണ്ടായി. ഇതിൽ അന്വേഷണം നടത്തുകയോ വസ്തുത പരിശോധിക്കുകയോ ചെയ്തില്ലെന്നും തന്റെ ഭാഗം പറയാനുള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണെന്നും പരാതിയിലുണ്ട്. എന്നാൽ നാലുവട്ടം താക്കീത് ചെയ്യപ്പെട്ടയാളാണ് രൂപേഷെന്നും വൈസ് ചാൻസലർക്ക് നൽകിയ ഭക്ഷണം മോശമായിരുന്നതിനാലാണ് നടപടിയെന്നും സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ഡോ. ആർ ജയപ്രകാശ് പറഞ്ഞു. 

Exit mobile version