Site iconSite icon Janayugom Online

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിന്‍ ദേവസ്വം കമ്മീഷണറും കൂടല്‍മാണിക്യം എക്സിക്യുട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി ഗീത ആവശ്യപ്പെട്ടു .

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയിൽ നിയമിതനായ പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി നിർത്തിയ സംഭവത്തിലാണ് കമീഷൻ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ദേവസ്വം ബോർഡ് വഴി കഴകത്തിനായി നിയമിച്ച ബാലു എന്ന യുവാവിനാണ് അപമാനം നേരിട്ടത്.ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്.

അന്നുമുതൽ ബാലുവിനെ മാറ്റുന്ന മാർച്ച് 7 വരെ തന്ത്രി കുടുംബങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്നും വിട്ടു നിന്നിരുന്നു. അമ്പലവാസികളായ വാര്യർ കുടുംബത്തിനാണ് കഴകത്തിനുള്ള അധികാരമെന്നാണ് തന്ത്രിമാരുടെ വാദം. തന്ത്രിമാർക്ക് പിന്നാലെ വാര്യർ സമാജവും ബാലുവിന്റെ നിയമനത്തിനെതിരെ രംഗത്തുവന്നിരുന്നു.

Exit mobile version