Site iconSite icon Janayugom Online

ജാതി വിവേചനം: ആദിത്യനാഥ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജിവച്ചു

yogi adityanathyogi adityanath

മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഏകപക്ഷീയ നീക്കങ്ങളിലും ജാതി വിവേചനത്തിലും പ്രതിഷേധിച്ച് യുപിയില്‍ രണ്ട് മന്ത്രിമാര്‍ രാജിവച്ചു. ഇരുവരും കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചു. ഒരാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഢയെയും നേരില്‍ കണ്ട് പരാതി ഉന്നയിക്കും. ദളിതനായതിന്റെ പേരിൽ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് ജലസേചന മന്ത്രി ദിനേശ് ഖാഥിക് രാജിവെച്ചത്. പൊതുമരാമത്ത് മന്ത്രി ജിതിന്‍ പ്രസാദയാണ് രാജിക്ക് സന്നദ്ധനായ മറ്റൊരു മന്ത്രി.
യോഗി സർക്കാരിന്റെ പല നീക്കങ്ങളും രൂക്ഷമായ വിമർശനത്തിനിടയാക്കിയിരിക്കെയാണ് പാളയത്തിൽ തന്നെ പടയുണ്ടായിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന ജിതിൻ പ്രസാദയാണ് ആദ്യം കലാപക്കൊടി ഉയർത്തിയത്. മുഖ്യമന്ത്രി ആദിത്യനാഥ് ചർച്ച ചെയ്യാതെ തീരുമാനങ്ങൾ എടുക്കുകയും തങ്ങളുടെ വകുപ്പിൽ ഇടപെടുകയും ചെയ്യുന്നുവെന്നാണ് പരാതി. പൊതുമരാമത്ത് വകുപ്പിലെ പ്രത്യേക ഓഫീസറായിരുന്ന അനിൽ കുമാർ പാണ്ഡെയെ മുഖ്യമന്ത്രി പിൻവലിച്ചത് വകുപ്പ് മന്ത്രി അറിയാതെയായിരുന്നു. കേന്ദ്ര സർവീസിലേക്ക് അനിൽ കുമാർ പാണ്ഡെ മടങ്ങിപ്പോയി.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജിതിൻ പ്രസാദ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്. രാഹുൽ ഗാന്ധിയുടെ അടുത്ത വൃന്ദത്തിൽപ്പെട്ട ജിതിൻ പ്രസാദ ഉൾപ്പെടുന്ന സംഘത്തെ കോൺഗ്രസിലെ രാഹുൽ ബ്രിഗേഡ് എന്നാണ് വിളിച്ചിരുന്നത്. മധ്യപ്രദശിലെ ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചതിനു പിന്നാലെയായിരുന്നു യുപിയിലെ ജിതിൻ പ്രസാദയും കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.
100 ദിവസമായി തനിക്ക് ഒരു ജോലിയും നൽകിയിട്ടില്ലെന്ന് ജലവിഭവ മന്ത്രി ഖാതിക് ബിജെപി ദേശീയ നേതൃത്വത്തിന് നല്കിയ കത്തിൽ പറഞ്ഞു. വേദനയോടെ ഞാൻ രാജിവെക്കുന്നു. ദളിതനായതിനാൽ എനിക്ക് ഒരു പ്രാധാന്യവും നൽകിയില്ല. മന്ത്രി എന്ന നിലയിൽ അധികാരമില്ല.ഈ നിലയിൽ ഞാൻ പ്രവർത്തിക്കുന്നത് ദളിത് വിഭാഗത്തിന് അപമാനമാണ്. ഒരു യോഗത്തിലേക്ക് പോലും വിളിച്ചിട്ടില്ലെന്നും ഖാഥിക് എഴുതുന്നു.
ഔദ്യോഗിക വസതി ഒഴിഞ്ഞ ദിനേശ് ഖാഥിക്, ഹസ്തിനപുരിലെ തന്റെ വീട്ടിലേക്ക് പ്രവർത്തനം മാറ്റിയിരിക്കുകയാണ്. എന്നാല്‍ മന്ത്രി രാജിവയ്ക്കുമെന്ന വാർത്തകൾ ആദിത്യനാഥ് സർക്കാർ തള്ളി. 

Eng­lish Sum­ma­ry: Caste Dis­crim­i­na­tion: Two Min­is­ters in Adityanath Cab­i­net Resign

You may like this video also

Exit mobile version