ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന പട്ടികജാതി-വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കാനും തുല്യത ഉറപ്പാക്കാനും പാനല്‍ രൂപീകരിക്കാനൊരുങ്ങി യുജിസി. പിന്നാക്കവിഭാഗ വിദ്യാര്‍ത്ഥികളുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തിയിരുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷിക്കാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കായുള്ള പദ്ധതികളിലും യുജിസി മാനദണ്ഡങ്ങളിലും മാറ്റം വരുത്താനും സര്‍വകലാശാലകളിലും കോളജുകളിലും ഇവര്‍ക്ക് തുല്യത ഉറപ്പാക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനുമാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നതെന്ന് യുജിസി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുല്യത പ്രോത്സാഹിപ്പിക്കുന്ന നിയമം 2012ല്‍ യുജിസി കൊണ്ടുവന്നിരുന്നു. സംവരണം പൂര്‍ണമായി നടപ്പാക്കുന്നുവെന്ന ഉന്നതാധികാരപരിശോധന, വിവേചനം ചെറുക്കുന്നതിനുള്ള ശക്തമായ പ്രശ്നപരിഹാര സമിതി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രവേശനത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് 2012ലെ നിയമത്തില്‍ യുജിസി വ്യക്തമാക്കുന്നു. മതം, ജാതി, വംശം, ഭാഷ, ഗോത്രം, ലിംഗം, അംഗപരിമിതി എന്നിവയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും നിയമം അനുശാസിക്കുന്നു.
English Summary: Caste discrimination: UGC to set up committee
You may also like this video