മുസ്ലിം വിദ്യാർഥികൾക്ക് നേരെ വർഗീയാധിക്ഷേപം നടത്തിയ ഡൽഹിയിലെ സർക്കാർ സ്കൂൾ അധ്യാപികക്കെതിരെ കേസ്. കിഴക്കൻ ഡൽഹിയിലെ ഗാന്ധിനഗറിലുള്ള സർവോദയ ബാൽ സ്കൂൾ അധ്യാപിക ഹേമ ഗുലാത്തിയാണ് തന്റെ ക്ലാസിലെ വിദ്യാർഥികൾക്കെതിരെ വർഗീയ പരാമർശം നടത്തിയത്. വിദ്യാർഥികളെ അസഭ്യം പറയുകയും ക്ലാസിൽ മതപരമായ അധിക്ഷേപം നടത്തുകയും ചെയ്തതിന് രക്ഷിതാക്കൾ ഡൽഹി പൊലീസിനെയും വിദ്യാഭ്യാസ ഡയറക്ടറേറ്റിനെയും സമീപിക്കുകയായിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിൽ നിങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് ക്ലാസിലെ മുസ്ലിം വിദ്യാർഥികളോട് പറഞ്ഞ അധ്യാപിക, വിഭജന സമയത്ത് നിങ്ങളുടെ കുടുംബം എന്തുകൊണ്ട് പാകിസ്താനിലേക്ക് പോയില്ലെന്ന് ചോദിച്ചതായും പരാതിയിൽ പറയുന്നു. ഖുർആൻ, കഅ്ബ തുടങ്ങിയവ സംബന്ധിച്ചും മോശം പരാമർശം നടത്തിയെന്നും പരാതിയിലുണ്ട്. ആഗ സ്റ്റ് 25നാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വർഗീയാധിക്ഷേപത്തിന് ഇരയായ വിദ്യാർഥികളെ കൗൺസലിങ്ങിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
യു.പിയിലെ മുസഫർ നഗറിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപിക തല്ലിപ്പിച്ച സംഭവം വിവാദമായതിന് പിറകെയാണ് ഡൽഹിയിൽ അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായ മതവിദ്വേഷ പ്രസ്താവന പുറത്തുവരുന്നത്.
English summary; Caste violence against Muslim students; Case against Delhi government school teacher
you may also like this video;