Site iconSite icon Janayugom Online

ബിജെപി ചങ്ങാത്തം സംശയാസ്പദമെന്ന് കത്തോലിക്കസഭ

കേരളത്തിൽ അധികാരം പിടിക്കുന്നതിന് ബിജെപിയും ഹിന്ദു സംഘടനകളും ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന ചങ്ങാത്തം സംശയാസ്പദമാണെന്ന് തൃശൂർ അതിരൂപത മുഖമാസികയായ കത്തോലിക്കസഭ. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനവും ബിജെപി സർക്കാരിന്റെ വർഗീയ പക്ഷപാതവും ശ്രദ്ധേയമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പോലെ ബിജെപിയെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെ ക്രൈസ്തവസഭാ അധ്യക്ഷന്മാരോട് മുമ്പ് ആവശ്യപ്പെട്ടിരുന്നതായി കത്തോലിക്കസഭ പറയുന്നു. എന്നാൽ മണിപ്പൂര്‍ കലാപത്തിൽ ബിജെപിയുടെ നിലപാട് ക്രൈസ്തവ വിരുദ്ധമായിരുന്നു. ക്രൈസ്തവ മതം സ്വീകരിച്ചവരെ പൂർവ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് തീവ്ര ഹിന്ദു സംഘടനകൾ നടപ്പിലാക്കുന്ന ഘർ വാപസി പോലുള്ള നടപടികള്‍ അരങ്ങേറുന്ന മണിപ്പൂരിൽ, തകർക്കപ്പെട്ട പള്ളികൾ പുതുക്കിപ്പണിയരുതെന്ന ഭീഷണിയുമുണ്ട്. 

ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ഇല്ലാതാക്കി ഗോത്രവർഗക്കാർക്ക് ലഭിക്കുന്ന ഉന്നത വിദ്യാഭ്യാസവും പുരോഗതിയും തടഞ്ഞ് അവരെ പഴയ സ്ഥിതിയിലാക്കാനുള്ള അജണ്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നത്. ഗോത്ര വർഗത്തിൽനിന്നും ഒരാളെ രാഷ്ട്രപതിയായി ഉയർത്തി എന്ന് വീരവാദം മുഴക്കുന്ന ഹിന്ദുത്വ വർഗീയ കക്ഷികളുടെ ഗോത്രവർഗക്കാരോടുള്ള യഥാർത്ഥ സമീപനമാണ് ഇവിടെ വെളിപ്പെടുന്നത് എന്ന് ‘സ്വന്തം ലേഖക’നിലൂടെ കത്തോലിക്കസഭ പറയുന്നു. തൃശൂർ അതിരൂപത ബിജെപിയെയും കേന്ദ്രസർക്കാരിനെയും വിമർശിക്കുമ്പോൾ പ്രദർശിപ്പിക്കുന്ന അളവിൽ കവിഞ്ഞ മിതത്വം പക്ഷേ ഇരിങ്ങാലക്കുട രൂപതയുടെ മുഖമാസികയായ ‘കേരളസഭ’ കാണിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ബിജെപിയെയും പ്രധാനമന്ത്രിയെയും മാത്രമല്ല കോൺഗ്രസിനെയും മാധ്യമങ്ങളെയും രൂക്ഷമായാണ് വിമർശിക്കുന്നത്. 

മണിപ്പൂർ കത്തുമ്പോൾ കോൺഗ്രസിന്റെ മൗനം വേദനിപ്പിച്ചുവെന്നും, ഭാരത് ജോഡോ യാത്രയിൽ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ പിന്തുണയ്ക്ക് ശ്രമിച്ച രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും മൗനത്തിന്റെ അർത്ഥം മൃദുഹിന്ദുത്വമോ ക്രൈസ്തവ അവഗണനയോ എന്നാണ് ഇരിങ്ങാലക്കുട രൂപത ‘മണിപ്പൂർ കത്തുമ്പോൾ വീണ വായിച്ചവർ’ എന്ന് മുഖപ്രസംഗത്തിലൂടെ ചോദിക്കുന്നത്.
ഗുജറാത്തിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശത്തും ഒഡിഷ ട്രെയിൻ ദുരന്ത സ്ഥലത്തും മണിക്കൂറുകൾ ചെലവഴിച്ച പ്രധാനമന്ത്രിക്ക് മണിപ്പൂരിനെ പറ്റി ഒരു വാക്കു പറയാൻ സമയമില്ലായിരുന്നുവെന്നും കേരളസഭ കുറ്റപ്പെടുത്തുന്നു.

Eng­lish Summary:Catholic Church calls BJP friend­ship suspicious

You may also like this video

Exit mobile version