Site iconSite icon Janayugom Online

സര്‍ക്കാര്‍ ഗോശാലകളില്‍ കന്നുകാലികള്‍ ചത്തൊടുങ്ങുന്നു

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരക്ഷണ കേന്ദ്രങ്ങളില്‍ കന്നുകാലികള്‍ ചത്തൊടുങ്ങുന്നത് തുടരുന്നു. ബല്ലിയ ജില്ലയിലെ റസ്ര താലൂക്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം എട്ടു പശുക്കളാണ് ചത്തത്. ബച്ചൈപൂര്‍ ഗ്രാമത്തിലെ കേന്ദ്രത്തില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരാണ് പശുക്കള്‍ ചത്തതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും പശുക്കള്‍ ചത്തത്. 

വിഷം കലര്‍ന്ന തീറ്റ ഭക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ 60 പശുക്കള്‍ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ ചത്തിരുന്നു. അംമ്‌റോ ജില്ലയിലായിരുന്നു ഈ സംഭവമുണ്ടായത്. ഏപ്രിലില്‍ ഇന്ദിരാപുരത്തിനടുത്ത് കനവാണിയിലെ സംരക്ഷണ കേന്ദ്രത്തില്‍ തീപിടിച്ച് 38 പശുക്കളും ചത്തു. 2019ല്‍ ഏകദേശം 9000 കന്നുകാലികള്‍ വിവിധ സംരക്ഷണ കേന്ദ്രങ്ങളിലായി ചത്തു.

പശുക്കളെ കൊല്ലുന്നത് നിയമം മൂലം നിരോധിച്ചതിനാല്‍ കറവ വറ്റുകയും പ്രായമാകുകയും ചെയ്തവയെ തെരുവില്‍ ഉപേക്ഷിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇവ വ്യാപകമായ കൃഷിനാശത്തിനു കാരണമാവുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് അലഞ്ഞു തിരിയുന്ന കന്നുകാലികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. അവയിലാകട്ടെ പകുതി കന്നുകാലികളെ പോലും ഉള്‍ക്കൊള്ളാനായിട്ടില്ല. അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് പത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവവും സംസ്ഥാനത്തുണ്ടായിട്ടുണ്ട്.

You may also like this video

YouTube video player
Exit mobile version