Site iconSite icon Janayugom Online

മയക്കുമരുന്ന് കേസില്‍ കുടുക്കി; ബോളിവുഡ് നടി ഷാര്‍ജ ജയിലില്‍

മയക്കുമരുന്ന് കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ക്രിസന്‍ പെരേരയെ കുടുക്കിയ സംഭവത്തില്‍ രണ്ട് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുംബൈ ബോറിവാലിയില്‍ താമസിക്കുന്ന ആന്റണി പോള്‍, ഇയാളുടെ കൂട്ടാളിയായ സിന്ധുദുര്‍ഗ് ജില്ലയിലെ രവി എന്ന രാജേഷ് ബബോട്ടെ എന്നിവരെയാണ് പിടികൂടിയത്. ട്രോഫിയില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി താരത്തെ ഷാര്‍ജയിലേക്ക് അയയ്ക്കുകയായിരുന്നു. പിടിക്കപ്പെട്ട നടി നിലവില്‍ ഷാര്‍ജ ജയിലില്‍ കഴിയുകയാണ്. 

കൈവശമുണ്ടായിരുന്ന ട്രോഫിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് നടി ഷാര്‍ജയില്‍ അറസ്റ്റിലായത്. കള്ളക്കേസില്‍ കുടുക്കിയതാണെന്ന് നടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈ പൊലിസ് അന്വേഷണം ആരംഭിച്ചത്. നടിയുടെ മാതാവ് പ്രമീള പെരേരയോടുള്ള ശത്രുതയാണ് ക്രിസനെ കേസില്‍ കുടുക്കാന്‍ കാരണമായതെന്നാണ് പൊലിസ് കണ്ടെത്തല്‍.
ഒരു അന്താരാഷ്ട്ര വെബ് സീരീസിനായുള്ള ഓഡിഷനെന്ന പേരില്‍ ക്രിസനെ യുഎഇയിലേക്ക് അയയ്ക്കാന്‍ പോളും കൂട്ടാളി രവിയും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു. വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ മയക്കുമരുന്ന് ഒളിപ്പിച്ച ട്രോഫി യുവതിക്ക് കൈമാറിയെന്ന് പൊലിസ് കണ്ടെത്തി. സമാനമായ രീതിയില്‍ പോള്‍ മറ്റ് നാല് പേരെ കുടുക്കിയതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. 

മുംബൈയിലെ മലാഡ്, ബോറിവാലി പ്രദേശങ്ങളില്‍ ബേക്കറി നടത്തുകയാണ് പോള്‍. ക്രിസന്റെ മാതാവ് പ്രമീള താമസിക്കുന്ന കെട്ടിടത്തിലാണ് പോളിന്റെ ഒരു സഹോദരി താമസിക്കുന്നത്. 2020ല്‍ കോവിഡ് ലോക്ഡൗണ്‍ സമയത്ത് സഹോദരിയെ കാണാന്‍ ചെന്നപ്പോള്‍ പ്രമീളയുടെ വളര്‍ത്തുനായ കുരയ്ക്കുകയും കടിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. നായയെ കസേര എടുത്ത് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രമീള തന്നെ അസഭ്യം പറഞ്ഞതിലെ പ്രതികാരമാണ് പോള്‍ നടപ്പാക്കിയത്. വിദേശകാര്യ മന്ത്രാലവുമായി പൊലിസ് ബന്ധപ്പെട്ട്, പ്രതികള്‍ നടിയെ കുടുക്കിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎഇ അധികൃതരെ അറിയിക്കുമെന്ന് പൊലിസ് അറിയിച്ചു.

You may also like this video

Exit mobile version