Site iconSite icon Janayugom Online

സിബിഐയും അമിത്ഷായുടെ അസൈന്‍മെന്റും

ലോകത്തിന് മുന്നില്‍ രാജ്യത്തെ ജനങ്ങളെ അപമാനിതരാക്കിയ ‘മണിപ്പൂര്‍ വീഡിയോ സംഭവം’ സിബിഐ അന്വേഷിക്കുകയാണ്. മണിപ്പൂരില്‍ സ്ത്രീകള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതോ അവരെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചതോ ഉടുതുണിയില്ലാതെ തീക്കൊളുത്തിക്കൊന്നതോ അല്ല, മോഡിയെ പ്രതിരോധത്തിലാക്കിയ ആ വീഡിയോ പുറത്തുവന്ന സംഭവത്തിലാണ് സിബിഐ പ്രധനമായും അന്വേഷണത്തിന് പോകുന്നത്. ഈ പറഞ്ഞവയെല്ലാം ഒരുപക്ഷെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടേക്കാം. സിബിഐ അന്വേഷണത്തില്‍ മണിപ്പൂര്‍ കലാപം ഒന്നടങ്കം വരുന്നില്ല. എങ്ങനെ സംഘര്‍ഷത്തിന് തുടക്കമായെന്ന് ഉള്‍പ്പെട്ടേക്കില്ല. എത്രപേര്‍ കൊല്ലപ്പെട്ടെന്നോ, ഏത് വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമിക്കപ്പെട്ടതെന്നോ ആയിരിക്കില്ല അന്വേഷണ പരിധിയില്‍ വരുന്നത്. കാരണം സിബിഐ, പഴയ സിബിഐ അല്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളാകെ മോഡിയുടെയും അമിത്ഷായുടെയും രാഷ്ട്രീയ ചട്ടുകങ്ങളായെന്ന് സമീപകാല സംഭവങ്ങളെല്ലാം തെളിയിക്കുന്നു.

മണിപ്പൂര്‍ സംഭവം ആരംഭിച്ചതു മുതല്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും നിലപാടും പ്രതികരണങ്ങളും ഒരേമാനത്തിലുള്ളതാണ്. മേയ് മൂന്നിനാണ് കലാപത്തിന് തീക്കൊളുത്തുന്ന സംഭവങ്ങള്‍ ആദ്യമായി അരങ്ങേറിയത്. നാളിത്ര പിന്നിട്ടിട്ടും മണിപ്പൂരിലെ സംസ്ഥാന സര്‍ക്കാരിന്റെ പൊലീസോ മറ്റ് ഏജന്‍സികളോ അതൊന്നും അന്വേഷിച്ചില്ല. ഒരു വിവരവും പുറത്തറിയാതിരിക്കാനാണ് ഭരണകൂടവും സംവിധാനങ്ങളും പരിശ്രമിച്ചതെന്ന കാര്യവും വ്യക്തം.

മണിപ്പൂരിലെ സ്ത്രീകള്‍ നേരിടേണ്ടിവന്ന ക്രൂരത ചിത്രീകരിച്ചത് ഈയിടെയാണ് സോഷ്യല്‍ മീഡിയവഴി പുറത്തറിഞ്ഞത്. അത്രനാളും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ഇന്റര്‍നെറ്റ് സംവിധാനം തന്നെ റദ്ദാക്കിയിട്ടു. ഭാഗികമായി പുനഃസ്ഥാപിക്കാന്‍ തുടങ്ങിയതോടെ മണിപ്പൂര്‍ കലാപത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവരാന്‍ തുടങ്ങി. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന വിവരമാണ് വീഡിയോ സഹിതം ആദ്യം പ്രചരിച്ചത്. പിന്നീട് വ്യാപിച്ചത്, ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തശേഷം നഗ്നയാക്കി തീക്കൊളുത്തിക്കൊന്നു എന്ന വാര്‍ത്തയാണ്. ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്, ഒരു പെണ്‍കുട്ടിയെ മരത്തില്‍ക്കെട്ടിത്തൂക്കി ഒരുകൂട്ടം ആളുകള്‍ അവളെ ഊഞ്ഞാല്‍പോലെ ആട്ടിരസിക്കുന്നതാണ്. ശേഷം ആ കുട്ടിയെയും പിച്ചിചീന്തിയെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രത്തിന്റെ ഒളിച്ചുകളി

രാജ്യത്ത് നടന്ന ഈ മനുഷ്യദ്രോഹ ക്രൂരത രാജ്യത്തോട് ഔദ്യോഗികമായി പറയാന്‍ ഭരണാധികാരികള്‍ക്കാവുന്നില്ല. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മണിപ്പൂര്‍ സംഭവങ്ങളെക്കുറിച്ച് പ്രസ്താവന നടത്തണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. എന്നാല്‍ മണിപ്പൂരിലെ ഈ സംഭവങ്ങളെപ്പറ്റി ചോദിക്കുന്നവരെയെല്ലാം രാഷ്ട്രീയമാന്യതയുടെ തരി പോലുമില്ലാതെ പ്രധാനമന്ത്രിയടക്കം പരിഹസിക്കുകയാണ്. യഥാര്‍ത്ഥ വസ്തുതകളെക്കുറിച്ച് അറിയാന്‍ പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ മണിപ്പൂരിലേക്ക് പോകാന്‍ തീരുമാനിച്ചതിനെ മോഡി പരിഹസിച്ചത് ഏറ്റവും ഒടുവിലെ ഉദാഹരണം.

വീഡിയോ പുറത്തുവന്നതുമുതലിങ്ങോട്ട് മോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും കേന്ദ്രമന്ത്രിമാരും ബിജെപി നേതൃത്വവുമെല്ലാം വിഷയം തുറന്നുകാട്ടുന്നവരെ പാര്‍ലമെന്റിന് പുറത്തുവന്ന് അപഹസിക്കുകയാണ്. എന്നിട്ടും വിട്ടുകൊടുക്കാന്‍ പ്രതിപക്ഷ കൂട്ടായ്മ തയ്യാറാവുന്നില്ല എന്ന് കണ്ടതോടെ അവരെ ചര്‍ച്ചയ്ക്ക് ക്ഷണിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി തയ്യാറായി. എന്നാല്‍ പ്രധാനമന്ത്രി നേരിട്ട് പാര്‍ലമെന്റില്‍ മറുപടി നല്‍കണം എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. മാത്രമല്ല, സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും തീരുമാനിച്ചു. പ്രമേയാവതരണത്തിന് അംഗീകാരമായതോടെ പ്രതിപക്ഷത്തിന്റെ കെട്ടുറപ്പിന് ശക്തകൂടുകയും ചെയ്തു.

മോഡിയും ഷായും അടുവുമാറ്റുന്നു

സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും അടുവുമാറ്റുകയാണ്. മണിപ്പൂരില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ നരേന്ദ്രമോഡി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് നടത്തിയ ഗൂഢാലോചനയാണ് എന്ന വാദമുയര്‍ത്തിയിരിക്കുകയാണ് അമിത്ഷാ. ഇതോടൊപ്പമാണ് വീഡിയോ കേസ് സിബിഐക്ക് വിടുന്നതിനുള്ള തീരുമാനവും അറിയിക്കുന്നത്. അതായത് മണിപ്പൂരിലേക്ക് പോകുന്ന സിബിഐ തെളിയിച്ചുകൊണ്ടുവരേണ്ടത്, വീഡിയോയും അതിലെ സംഭവങ്ങളും കേന്ദ്ര സര്‍ക്കാരിനെ വീഴ്‌ത്താനുള്ള ആസൂത്രിത പദ്ധതി ആയിരുന്നു എന്നാണ്. മറിച്ചൊന്നും കണ്ടെത്താന്‍ അമിത്ഷായുടെ മന്ത്രാലയം പറഞ്ഞുവിടുന്ന സിബിഐക്ക് കഴിയുമെന്ന് തോന്നുന്നില്ല. എല്ലാ അര്‍ത്ഥത്തിലും പറഞ്ഞാല്‍ ആഭ്യന്തരമന്ത്രിയുടെ പുതിയ പ്രസ്താവന സിബിഐക്കുള്ള അസൈന്‍മെന്റാണ്.

അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചെങ്കിലും അന്വേഷണ സംഘത്തെ ആര് നയിക്കും എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ യുവതികളെ നഗ്നരാക്കി നടത്തിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായി പറയുന്നുണ്ട്. പകര്‍ത്തിയ ആളെ തിരിച്ചറി‌ഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. മേയ് നാലിനാണ് ഈ കിരാതനടപടി മണിപ്പൂരില്‍ അരങ്ങേറിയത്. അതിനു നേതൃത്വം നല്‍കിയ 14 പേരെ വീഡിയോയില്‍ നിന്ന് മണിപ്പൂര്‍ പൊലീസ് തിരിച്ചറിഞ്ഞു. ഏഴുപേരെ ഇതിനകം അറസ്റ്റും ചെയ്തു. ഇങ്ങനെ ഏതാനും വിവരങ്ങള്‍ കഴിഞ്ഞ രാത്രി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിരത്തുന്നുണ്ട്. കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കുമെന്നതിനാലായിരുന്നു രാത്രിയൊരു സത്യവാങ്മൂലവുമായി ആഭ്യന്തരമന്ത്രാലയം കോടതി കയറിയത്.

ക്രൂരത മറച്ചത് ബിരേന്‍ സര്‍ക്കാരും കേന്ദ്രവും

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികന്റെ ഭാര്യടക്കം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചുകൊണ്ടുവരുന്ന 26 സെക്കന്റ് ദൈര്‍ഘ്യമുള്ളതായിരുന്നു വീഡിയോ. ഈ സംഭവത്തില്‍ ജൂണ്‍ 21ന് കാംഗ്പോപി ജില്ലയിലെ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം ബോധപൂര്‍വം മറച്ചുവച്ചു. വിഷയത്തില്‍ ഇടപെടാന്‍ ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള സംസ്ഥാന സര്‍ക്കാരും മന്ത്രിസഭയും ഗുരുതരമായ വീഴ്ചവരുത്തി. മേയ് മൂന്നുമുതല്‍ നടന്ന എല്ലാ അരുതായ്മകളും സംസ്ഥാന സര്‍ക്കാരിന്റെയും അതുവഴി കേന്ദ്ര സര്‍ക്കാരിന്റെയും അറിവോടുകൂടിയുള്ളതാണ്. മണിപ്പൂരിലേക്ക് കേന്ദ്രസേനയെ അയച്ച ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ വിവരം എത്തിയില്ലെന്ന് പറയാനുമാവില്ല.

അമിത്ഷാ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പറഞ്ഞത്, ‘ഞങ്ങള്‍ക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുകൂല അന്തരീക്ഷം പ്രതിപക്ഷം ഒരുക്കണം’ എന്നാണ്. എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ മണിപ്പൂര്‍ സംഭവങ്ങളുടെ പ്രതിസ്ഥാനത്ത് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ്. എന്നാല്‍ ഈ വസ്തുതകളൊന്നും മണിപ്പൂരിലെത്താന്‍ പോകുന്ന സിബിഐ സംഘം തയ്യാറാക്കുന്ന കുറ്റപത്രത്തില്‍ കാണാനിടയില്ല.

ആഭ്യന്തരമന്ത്രാലയത്തിന്റെ ദുരൂഹമായ ഇടപെടലുകള്‍

അതേസമയം കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തുമെന്നാണ് അമിത്ഷായുടെ പ്രഖ്യാപനം. അത് നിഷ്പക്ഷമായിരിക്കുമെന്നും വാഗ്ദാനം നല്‍കുന്നുണ്ട്. മണിപ്പൂരില്‍ നേര്‍ക്കുനേര്‍ പോരടിക്കുന്ന മെയ്തി, കുക്കി സമുദായങ്ങളുടെ നേതാക്കളെ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങളും ഇതിനിടയില്‍ അമിത്ഷായുടെ മന്ത്രാലയം തുടരുന്നു. ഇതെല്ലാം നരേന്ദ്രമോഡി നിരീക്ഷിക്കുന്നതായും ഇന്ത്യാടുഡെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം മണിപ്പൂരിലേക്ക് 35,000ത്തോളം സൈനികരെക്കൂടി അയയ്ക്കുകയും ചെയ്തിരിക്കുന്നു. കരസേനയുടെയും സിആര്‍പിഎഫിന്റെയും സിഎപിഎഫിന്റെയും സൈനികരാണ് മണിപ്പൂരിലെത്തിയിട്ടുള്ളത്. വലിയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന സൂചനകളാണ് കേന്ദ്രത്തിന്റെ ഇത്തരം അടിയന്തര നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ മനസിലാക്കേണ്ടത്. അത്രയും ദുരൂഹമായ ഇടപെടലുകളാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് മണിപ്പൂരില്‍ നടത്തുന്നത്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാക്കള്‍ മണിപ്പൂരിലെത്താനിരിക്കെ…

Eng­lish Sam­mury: Manipur mis­sion of CBI, Amit Shah’s assignment

Exit mobile version