Site icon Janayugom Online

ഓക്സ്ഫാമിനെതിരെ സിബിഐ കേസ്

oxfam

വിദേശ നാണയ വിനിമയം ലംഘിച്ചുവെന്ന് കാട്ടി ഓക്സ്ഫാം ഇന്ത്യക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓക്സ്ഫാം ഇന്ത്യക്ക് വിദേശത്ത് നിന്ന് ലഭിച്ച ഒന്നരക്കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്ന പരാതിയിലാണ് നടപടി. 

2013 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ നടത്തിയ ക്രയവിക്രയത്തില്‍ കൃത്രിമം കാട്ടി സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന് 12.71 ലക്ഷം കൈമാറിയതായി ആഭ്യന്തര വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്.
2019–20 ലെ വിദേശ നാണയ വിനിമയ ചട്ടം ഇതുവഴി ഓക്സ്ഫാം ലംഘിച്ചതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഓക്സ്ഫാമിന്റെ വിദേശ നാണയ വിനിമയത്തിനുള്ള അംഗീകാരം ആഭ്യന്തര വകുപ്പ് റദ്ദാക്കിയിരുന്നു. തങ്ങള്‍ തുക വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഓക്സ്ഫാം വൃത്തങ്ങള്‍ അറിയിച്ചു. 

ലോകത്ത് 21 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്സ്ഫാം 2008 ലാണ് ഇന്ത്യയില്‍ സന്നദ്ധ പ്രവര്‍ത്തനം തുടങ്ങിയത്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഓക്സ്ഫാമിന്റേതായി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഓക്സ്ഫാമിനെ നോട്ടപ്പുള്ളികളുടെ പട്ടികയിലാക്കിയത്. 

Eng­lish Sum­ma­ry: CBI case against Oxfam

You may also like this video

Exit mobile version